Wednesday, November 19, 2014

ചുണ്ണാമ്പ്


നവംബര്‍ 18, 2014

ഒരു ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന അച്ഛനോടൊപ്പം രണ്ടാഴ്ച. ഇത്തവണത്തെ പ്രധാന ആഗമനോദ്ദേശം അതായിരുന്നു. വര്‍ഷാവസാനക്കാലമായതുകൊണ്ട് അവധിപ്പാട്ടയില്‍ നിന്ന് ഊറ്റിയെടുക്കാന്‍ അധികമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് അവധി ഒരാഴ്ച മാത്രം മതിയെന്നും പിന്നത്തെ ആഴ്ച വീട്ടില്‍ ഇരുന്നു ജോലി ചെയ്തു സേവിച്ചുകൊള്ളാമെന്നും മേലാളനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി സമ്മത പത്രവും വാങ്ങിയാണ് ഇങ്ങെത്തിയത്. കാര്‍മേഘം ഒന്ന് മീശ പിരിച്ചാലോ കാറ്റ് അല്പം കയര്‍ത്തു സംസാരിച്ചാലോ ഭയന്നോടുന്ന വിദ്യുച്ഛക്തിയാണ് പൂലാനിയിലെ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് മാനേജര്‍ എന്നു പണ്ടുമുതലേ അറിയാവുന്നതുകൊണ്ട് അവധി സമയത്തും ഇടയ്ക്ക് ജോലി ചെയ്തിരുന്നു.

അങ്ങിനെയുള്ള ഒരു മദ്ധ്യാഹ്നം. പൂമുഖത്തിരുന്നു ഹാര്‍മോണിയപ്പെട്ടിയും തുറന്ന്‍ ( ലാപ്ടോപ്‌ എന്നപേരിലും പ്രസ്തുത പെട്ടി അറിയപ്പെടുന്നു) , അങ്കത്തിലിരുത്തി കരപങ്കജം കൊണ്ടു തലോടിക്കൊണ്ടിരുന്ന സമയം. വാര്‍ദ്ധക്യച്ചിലന്തി വിരിച്ച വലക്കമ്പികള്‍ ഒന്നൊന്നായി പൊട്ടിച്ച്‌ പതുക്കെ നടന്നെത്തിയ അമ്മ എന്‍റെ അടുത്തുവന്നിരുന്നു. പൂര്‍വാശ്രമത്തില്‍ തൂമ്പയും കയ്യില്‍ വച്ച് പറമ്പ് മുഴുവന്‍ കിളച്ചു നടന്നിരുന്ന മകന്‍റെ പുതിയ അവതാരം കൌതുകത്തോടെ നോക്കിക്കണ്ടു. ശ്രോതാവിനെ കിട്ടിയ നേതാവിനെപ്പോലെ ഞാനും വാചാലനായി. കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ തുടങ്ങിയവയെക്കുറിച്ച് ഞാനൊരു പ്രഭാഷണവും നടത്തി. നമുക്കാവശ്യമുള്ള സാധനങ്ങളൊക്കെ കമ്പ്യൂട്ടര്‍ വഴി വാങ്ങാന്‍ സാധിക്കുമെന്നും, അവയൊക്കെ പോസ്റ്റ്‌ ഓഫീസ് വഴിയോ കൊറിയര്‍ വഴിയോ നമ്മുടെ മുന്‍പില്‍ എത്തിച്ചു തരുമെന്നുമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ അമ്മ വിശ്വസിച്ചു. എല്ലാം കേട്ട്, അമ്മ എഴുന്നേറ്റ് പോയി അല്പം അകലെ നിലത്തു ചുമരില്‍ ചാരി ഇരുന്നു. താമ്പാളം അടുത്തേയ്ക്കുചേര്‍ത്തു വച്ചു. വെറ്റില കയ്യിലെടുത്തു. ചുണ്ണാമ്പിന്‍റെ ചെപ്പു തുറന്നു. തീരാറായിരിക്കുന്നു. മെല്ലെ മുഖമുയര്‍ത്തി എന്നെ നോക്കി ചോദിച്ചു.

“നിന്‍റെ കമ്പ്യൂട്ടറീക്കോടെ നിക്കിത്തിരി ചുണ്ണാമ്പ്‌ മേടിച്ചു തരാന്‍ പറ്റ്വോ?”

സഹസ്രാസ്ത്ര ക്ഷതനായി നില്‍ക്കെ മറ്റൊന്നും ഞാന്‍ ഓര്‍ത്തില്ല.

“നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും

തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനും, അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍”

Sunday, September 21, 2014

കയ്പവല്ലി കുഞ്ഞുങ്ങള്‍

സെപ്തംബര്‍ 21, 2014

പാടത്തിന്‍ കരെ നീളെ നീലനിറമായ് വേലിക്കൊരാഘോഷമായ് ആടിത്തൂങ്ങി ക്കിടന്നിരുന്ന കയ്പവല്ലികുഞ്ഞുങ്ങള്‍ H1B വിസയിലോ മറ്റോ അമേരിക്കയിലെത്തിയതിന്‍റെ ചരിത്രപശ്ചാത്തലത്തെപ്പറ്റി എനിക്ക് വലിയ പിടിയില്ല, എന്നാല്‍ അവയുടെ സന്താന പരമ്പരയിലെ ഒരു കണ്ണിയെ പരിചയപ്പെടുവാന്‍ ഈയിടെ ഒരു അവസരം കിട്ടി. ദക്ഷിണ കാലിഫോര്‍ണിയയിലെ ഞങ്ങള്‍ താമസിക്കുന്ന വെന്‍ടുറ എന്ന പട്ടണത്തിലെ പ്രതിവാര പച്ചക്കറി ചന്ത.  അവിടെ വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പച്ചക്കറികള്‍ക്കു മുന്‍പിലൂടെ നടന്നു നീങ്ങുമ്പോള്‍ അപ്രതീക്ഷിത മായാണു ഞങ്ങളുടെ കണ്ണില്‍ പെട്ടത്. ആരാലും ശ്രദ്ധിക്കപ്പെടാതെ,  മോക്ഷ കാംക്ഷയോടെ കിടക്കുകയായിരുന്നു അത്. രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. സര്‍വ ധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ എന്ന കുരുക്ഷേത്ര ഗീതാ വചനത്തോട് എന്‍റെ മറു പകുതി പ്രജ്ഞ ഗീത ഐക്യ ദാര്‍ഢൃം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ കൃഷി ത്തോട്ടത്തിലേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു, മുന്‍ പറഞ്ഞ കണ്ണിക്ക്.

 നാലു കാരം ബോര്‍ഡുകള്‍ ചേര്‍ത്തുവെച്ചാലുള്ള വലുപ്പത്തിലുള്ള ഒരു കോണ്‍ക്രീറ്റ് കട്ട അഥവാ മുറ്റം. ഈ മുറ്റത്തിന്‍റെ മൂന്നു വശത്തും   വേലിഎന്നോ മതിലെന്നോ പറയാവുന്ന പ്ലാസ്റ്റിക്ക്കൊണ്ടുള്ള ഒരു നിര്‍മ്മിതി. പ്രസ്തുത നിര്‍മ്മിതിക്കും മുറ്റത്തിനുമിടയില്‍ ഒരടി വീതിയിലുള്ള മണ്‍പാളി. അതാണ് ഞങ്ങളുടെ കൃഷിത്തോട്ടം. അവിടെയാണ്  പാവല മാതാവിനെ താളമേളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്നു ഗീത കുടിയിരുത്തിയത്.

ഏറെ നാള്‍, പഠന കാലത്തും അതിനു ശേഷവും,  പൂലാനിയില്‍ ഒരു അമച്വര്‍ കൃഷിക്കാരനായിരുന്ന എന്‍റെ കര്‍ഷകക്കനലില്‍ നിന്നും ഏതാനും തീപ്പൊരികള്‍ ഗീതയിലെക്കും ഞാന്‍ അറിയാതെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്ന അദ്ഭുത സത്യം ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങുക യായിരുന്നു. വള,കീട നാശിനി പ്രയോഗങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ, അവ തെല്ലും നല്‍കാതെ  പ്രകൃതിയോടു നൂറു ശതമാനം താദാത്മ്യം പ്രാപിച്ച് , ഗീതയുടെ മക്കളോടെന്ന പോലെയുള്ള   സംരക്ഷണത്തിലും, മിതമായ ജലസേചനത്തിലും ആ കയ്പവല്ലി അങ്ങനെ വളര്‍ന്നു പടരുകയായിരുന്നു. ഒരു തരത്തിലുമുള്ള വൈകല്യവുമില്ലാതെ, പുഴുക്കുത്തിന്‍റെ ലാഞ്ചന പോലുമില്ലാതെ അമ്പതില്‍ പരം കുഞ്ഞുങ്ങള്‍ക്ക്‌ജന്മം നല്‍കി വംശവര്‍ദ്ധന തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ആ വല്ലിയമ്മ. മതിലിനു പുറത്തേക്കു പടര്‍ന്നൊഴുകാന്‍ തുടങ്ങുമ്പോള്‍ അതിര്‍ത്തി ലംഘനം ആരോപിച്ചു കണ്ണുരുട്ടുന്ന അപ്പാര്‍ട്ട്മെന്‍റ് മുതലാളി മാത്രമാണ് ഇതുവരെ ഒരു ഭീഷണിയായി വന്നിട്ടുള്ളത്.


സ്വതവേ പാചകപ്രിയയായ ഗീതയ്ക്കു കാവ്യം സുഗേയം കഥ രാഘവീയം എന്നമട്ടിലായി കാര്യങ്ങള്‍. പാചകപ്പുരയില്‍ പാവയ്ക്കക്കുള്ള അനന്ത സാദ്ധ്യതകളെ പ്പറ്റിയുള്ള ഒരു ഗവേഷണ പരമ്പര തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സാധാരണ ഉപ്പേരിക്കും മെഴുക്കുപുരട്ടി ക്കുമപ്പുറം , ചപ്പാത്തിയില്‍ വിതറി ചുരുട്ടിഎടുക്കുന്ന പാവയ്ക്ക ചുരുള്‍ മുതല്‍ മറ്റു പഴവര്‍ഗങ്ങളുമായി വ്യത്യസ്ത അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന പലതരം ജ്യുസുകള്‍ വരെ ഞങ്ങളുടെ തീന്മേശയില്‍ പുതു സന്ദര്‍ശകരായി ദിവസേന എത്തിക്കൊണ്ടിരിക്കുന്നു.

ഭക്ഷണ ശൈലി കൂടുതല്‍ ആനന്ദപ്രദം, ആരോഗ്യപ്രദം, ആശ്വാസ പ്രദം.

കൂടുതല്‍ ഗവേഷണ ഫലങ്ങളുമായി മറ്റൊരവസരത്തില്‍.





















Wednesday, September 17, 2014

അച്ഛന്‍-അമ്മ അമ്പത്തിഎട്ടാം വിവാഹ വാര്‍ഷികം

സെപ്തംബര്‍12,2014
ഒരു ചിങ്ങം 27 കൂടി നടന്നു മറയുകയാണ്. നിര്‍മല ച്ചേച്ചി ഒരുക്കിയ ഒരു കൊച്ചു സദ്യ
ഇടനാഴിയില്‍ നിലത്തു ഇലയിട്ടു ഒരുമിച്ചിരുന്നു ഊണ്.
ആശംസകളുമായി ഊഴമിട്ടെത്തിയ ഓര്‍മ്മകള്‍.
അമ്പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് മക്കളോടോപ്പമുള്ള ഗൃഹ പ്രവേശം,
മുപ്പതോളം വര്‍ഷം ഒരുമിച്ചു ഒരേ സ്കൂളിലെ അദ്ധ്യാപനം,
മൂന്നോ നാലോ തലമുറകളിലായി പരന്നു കിടക്കുന്ന ശിഷ്യ സമ്പത്ത്,
അമ്പത്തെട്ടു വര്‍ഷമായി എല്ലാമാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പ ദര്‍ശനം,
മക്കള്‍, കൊച്ചു മക്കള്‍, മരുമക്കള്‍ മറ്റു കുടുംബാംഗങ്ങള്‍ അങ്ങിനെ യങ്ങിനെ.....
എല്ലാവര്ക്കും നന്ദി, ആശംസകള്‍ക്കും ഇഷ്ടങ്ങള്‍ക്കും.
















കുടുംബ സംഗമം - 2014

2014 ജൂലൈ 26 നു സിമിവാലിയില്‍ നടന്ന കുടുംബ സംഗമത്തിന്‍റെ ചില ദൃശ്യങ്ങള്‍

Sunday, May 18, 2014

ലക്കം 7 - സ്കൂള്‍ ജീവിതം തുടരുന്നു


മെയ് 18, 2014
വൈകുന്നേരം  സ്കൂള്‍ വിട്ടുമടങ്ങുമ്പോള്‍, കോവിലകത്തിന്‍റെ കിഴക്കേ പൂമുഖത്ത് തിണ്ണയില്‍ മിക്കവാറും ദിവസങ്ങളില്‍ കൊച്ചുണ്ണിമ്മാന്‍ ഇരിക്കുന്നുണ്ടാകും, എന്നെയും കാത്ത്. എന്‍റെ കയ്യില്‍നിന്നും ബാഗും കുടയുമൊക്കെ വാങ്ങി, എന്‍റെ കൂടെ വീട്ടിലേക്ക് വരും. വീട്ടില്‍ പൂമുഖത്തിരുന്നു ഞാന്‍ ഗൃഹപാഠം ചെയ്യുമ്പോള്‍ എന്‍റെ അടുത്തുണ്ടാകും. കുറച്ചു നേരത്തെ വര്‍ത്തമാനവുമൊക്കെ കഴിഞ്ഞ് സന്ധ്യയാകുമ്പോഴേക്കും  കൊച്ചുണ്ണിമ്മാന്‍ കോവിലകത്തേക്കു മടങ്ങും.

ഞങ്ങളുടെ പൂമുഖത്തിന് ഇന്നത്തെപ്പോലെ അത്ര ചൂടുണ്ടായിരുന്നില്ല, അന്ന്. പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങിയിരുന്ന പൂമുഖത്തിന്‍റെ ഓലമേഞ്ഞ മേല്‍ക്കൂര, മുളകൊണ്ടുണ്ടാക്കിയ തൂണുകള്‍, ചുമരിനു പകരമായി മുള പിളര്‍ത്തിയുണ്ടാക്കിയ വാരികള്‍ ഇവയൊക്കെ  വായുസഞ്ചാരം സുഗമമാക്കിയിരുന്നു.
രാവിലെ ഓലകള്‍ക്കിടയിലൂടെ, പൂമുഖത്തെ വിശേഷങ്ങളറിയുവാന്‍ സൂര്യകിരണങ്ങളെത്തുമ്പോള്‍, അച്ഛന്‍റെ നെടുവീര്‍പ്പുകള്‍

"പാരം ദ്രവിക്കും പഴയോലകള്‍ക്കെഴും
ദ്വാരത്തിലൂടെ വെയിലാപതിക്കയാല്‍
സ്വൈരം നിലത്തങ്ങു രസിപ്പതുണ്ടതി-
ക്രൂരങ്ങള്‍ ദാരിദ്ര്യ പിശാച ദൃഷ്ടികള്‍"
എന്ന ശ്ലോകത്തിലൂടെ പുറത്തുവന്നിരുന്നു.  എന്നെങ്കിലുമൊക്കെ ഇതൊന്നു ശരിയാക്കിയെടുക്കുവാന്‍ സാധിക്കുമോ എന്ന ഉല്‍ക്കണ്‍ഠ.

ഓലയും മഴയും തമ്മിലുള്ള രഹസ്യ ബന്ധം വര്‍ഷകാലങ്ങളിലാണ് സ്വാഭാവികമായും പുറത്തു വന്നിരുന്നത്. തന്‍റെ മേല്‍ വീഴുന്ന നീര്‍ത്തുള്ളികള്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങുമ്പോള്‍, തന്‍റെ ദ്വാരങ്ങളിലൂടെ അവയെ കൂടുതല്‍ സുരക്ഷിതരായി പൂമുഖത്തെത്തിക്കുമായിരുന്നു, ഓലകള്‍. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവയുടെ കള്ളക്കളികളില്‍ നിന്നു ഞങ്ങള്‍ മോചിതരായത്.

പുല്ലട. പില്‍ക്കാലത്തെങ്ങോ കഴിച്ച ഒരു പലഹാരം. എന്നാല്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വ്യതസ്ത രൂപത്തിലും ഭാവത്തിലും പുല്ലട കയ്യില്‍ ഉണ്ടാകുമായിരുന്നു. ചട്ട അടര്‍ന്നുപോയ സ്ലേറ്റ്‌. അതായിരുന്നു പുല്ലട. അത് തന്നെ മൂല അടര്‍ന്നത്‌, നെടുകെ പിളര്‍ന്നത്, ചിലപ്പോള്‍ ലോക ഭൂപടത്തിന്‍റെ രൂപത്തില്‍. അങ്ങനെ പലതരം. പെന്‍സില്‍ കയ്യിലില്ലാതെ വരുന്ന ചില സന്ദര്‍ഭങ്ങളില്‍ സ്ലേറ്റിന്‍റെ കൊച്ചു കഷണങ്ങള്‍ പെന്‍സിലിന്‍റെ ചുമതലകള്‍ നിറവേറ്റുമായിരുന്നു.

സ്കൂളിന്‍റെ അടുത്തൊരു ബസ് സ്റ്റോപ്പ്‌ ഉണ്ട്. ഇന്നത്‌ നായരങ്ങാടി എന്നറിയപ്പെടുന്നു. അക്കാലത്ത് അവിടെ ഒരു കൊച്ചു കെട്ടിടം  മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൂണ്ടാണി മാധവന്‍ നായര്‍ നടത്തിയിരുന്ന ഒരു ചായക്കടയും അതിനോട് ചേര്‍ന്ന് അദ്ദേഹം തന്നെ നടത്തിയിരുന്ന ഒരു കൊച്ചു പച്ചക്കറി-പലവ്യഞ്ജന ക്കടയും. അവിടെ നിന്നാണ് ഞാന്‍ വല്ലപ്പോഴുമൊക്കെ  പെന്‍സില്‍ വാങ്ങിയിരുന്നത്. എന്‍റെ ജീവിതത്തിലെ ഷോപ്പിംഗ്‌ തുടങ്ങിയതും അവിടെയാണ്. അന്നൊക്കെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നത് ആ കടയില്‍ ഒരു മുറത്തില്‍ ഉണങ്ങാനും വില്‍ക്കാനുമായി വച്ചിരുന്ന മത്സ്യങ്ങളാണ്. അതുവരെ പുഴയില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങളെ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. മനുഷ്യന്‍ മത്സ്യത്തെ മാത്രമല്ല മറ്റു ജന്തുക്കളെയും കൊന്നു തിന്നുമെന്നുള്ളത് എനിക്ക് പുതിയൊരറിവായിരുന്നു. ആ ഒരു വസ്തുതയുമായി ഇന്നും എനിക്കു പൊരുത്തപ്പെടുവാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്നും ഞങ്ങള്‍ സകുടുംബം സസ്യാഹാരികളായി ത്തുടരുന്നു.

ഞങ്ങളുടെ കുടുംബത്തിലും മറ്റെവിടെയും പോലെ അസുഖങ്ങള്‍ നിത്യ സന്ദര്‍ശകരായിരുന്നു. ഒരു പക്ഷെ എന്നോടായിരുന്നു അവയ്ക്കു ഏറെ ഇഷ്ടവും. അസുഖങ്ങള്‍ വന്നാല്‍ അമ്മ പ്രധാനമായും രണ്ടു പേരെയാണ് ആശ്രയിച്ചിരുന്നത്. അതില്‍ പ്രഥമസ്ഥാനീയന്‍ സാക്ഷാല്‍ ഗുരുവായൂരപ്പന്‍. മേല്പുത്തൂരു പോലും "അജ്ഞാത്വാ തേ മഹത്വം" എന്ന് വിശേഷിപ്പിച്ചു സായൂജ്യമടഞ്ഞ ആ കാരുണ്യ സിന്ധുവിനെ വിവരിക്കാന്‍ ഞാന്‍ തീര്‍ത്തും അശക്തന്‍.  അടുത്ത സ്ഥാനത്ത്, ജോര്‍ജ് ഡോക്ടര്‍ എന്ന് പൊതുവെ ചാലക്കുടിയില്‍ അറിയപ്പെട്ടിരുന്ന  ഡോ. എം. കെ. ജോര്‍ജ്. ആശുപത്രിറോഡില്‍ അദ്ദേഹത്തിനു ഒരു ക്ലിനിക്‌ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകാരായി മുറിവൊക്കെ വച്ചുകെട്ടാന്‍ ഒരു കുഞ്ഞുവറീതും ഫാര്‍മസിയില്‍ മരുന്നെടുത്തുകൊടുക്കാന്‍ ഒരു ചോതിയും. ഗേറ്റ് കടന്നു ക്ലിനിക്കില്‍ എത്തുമ്പോഴേക്കും അവിടെ നിര്‍മ്മിച്ചെടുക്കുന്ന മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധം നമ്മുടെ ഉള്ളില്‍ ചെന്നിരിക്കും. അസ്ഥികളെ വരെ കുടഞ്ഞുലയ്ക്കുന്ന ഒരുതരം കയ്പാണവയ്ക്ക്. ചുമന്ന നിറത്തിലുള്ള മരുന്നെന്ന പേരുള്ള ആ ദ്രാവകം, ഒപ്പം അതിനെക്കാള്‍ കയ്പുള്ള ഒരു പൊടി, തേനില്‍ ചാലിച്ചു കഴിക്കുവാന്‍. നിസ്സാര വിലയേ ഉള്ളൂ ആ മരുന്നുകള്‍ക്ക്. അതുകൊണ്ടുതന്നെ ധാരാളം രോഗികള്‍ അവിടെ വരുമായിരുന്നു. സത്യം പറയട്ടെ, ആ മരുന്നുകള്‍ വളരെ ഫലപ്രദവുമായിരുന്നു. ശര്‍ക്കരയോ പഞ്ചസാരയോ മുന്‍പും പിന്‍പും ഉണ്ടെങ്കിലെ അവയെ കഴിക്കുവാനും പറ്റിയിരുന്നുള്ളൂ. അമ്മയും അമ്മയെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന പത്മു അമ്മയും എന്‍റെ പിന്നാലെ എത്രയോ പാഞ്ഞിരിക്കുന്നു, ആ മരുന്നൊന്നു കുടിപ്പിക്കുവാന്‍. അവസാനം ഓടിച്ചിട്ടു പിടിച്ച്, മടിയില്‍ ബലമായി പിടിച്ചു കിടത്തി താക്കോലോ സ്പൂണോ മറ്റോ വായിലിട്ടു ആ മരുന്ന് ബലമായി ഒഴിക്കുമ്പോള്‍, ഇല്ല ഞാന്‍ കൂടുതല്‍ പറയുന്നില്ല, ആ കയ്പ് ഇപ്പോഴും തികട്ടി വരുന്നത് പോലെ.

ഇന്നിവിടെ, കുട്ടികള്‍ക്കു വല്ലപ്പോഴും അസുഖം വരുമ്പോള്‍ വാങ്ങിക്കൊണ്ടുവരുന്ന മരുന്ന്, താരതമ്യം ചെയ്‌താല്‍ പഞ്ചാമൃത തുല്യമായ സിറപ്പ്, ഒന്നോ രണ്ടോ തുള്ളി ഞാന്‍ എന്‍റെ നാക്കിനും പകര്‍ന്നു കൊടുക്കുന്നു, പണ്ടു ഞാന്‍ അതിനോടു ചെയ്ത പാപത്തിനുള്ള പ്രായശ്ചിത്ത മെന്നോണം.










Wednesday, May 7, 2014

എം. എസ്. സ്മാരക അക്ഷരശ്ലോക മത്സരം

കൊരട്ടിയില്‍ വര്‍ഷം തോറും നടന്നുവരാറുള്ള എം. എസ് സ്മാരക അക്ഷരശ്ലോക മത്സരത്തിന്‍റെ 2005 ലെ പതിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍.


ആമുഖം - നിയമാവലി

ഭാഗം - 1

ഭാഗം - 2

ഭാഗം - 3

Sunday, May 4, 2014

ലക്കം - 6 - ഒന്നാം ക്ലാസ്സില്‍

മെയ്‌ 6, 2014

അക്കാലത്ത് പൂലാനിയില്‍ രണ്ട് സ്കൂളുകളാണ് ഉണ്ടായിരുന്നത്. ഒരു യു.പി. സ്കൂളും ഒരു എല്‍.പി. സ്കൂളും. യു.പി സ്കൂള്‍ കിഴക്കേ സ്കൂള്‍ എന്നും എല്‍.പി പടിഞ്ഞാറെ സ്കൂള്‍ എന്നും അറിയപ്പെട്ടിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്നും അര കിലോമീറ്ററില്‍ താഴെ ദൂരമേ ഉണ്ടായിരുന്നുള്ളൂ, പടിഞ്ഞാറെ സ്കൂളിലേക്ക്. കോവിലകത്തിനു മുന്‍പിലുള്ള റോഡ്‌ കടന്നു വേണം സ്കൂളിലെത്താന്‍. അന്ന് ഞങ്ങളുടെ വീടിനും കോവിലകത്തിനുമിടയ്ക്ക് ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു. തോപ്പിക്കാരുടെ വീട് എന്നറിയപ്പെടുന്ന തോപ്പില്‍ രാമന്‍ നായരുടെ വീട്. ആ വീടിന്‍റെ അടുത്തായി കോവിലകത്തിനു പിന്‍ഭാഗത്ത് വഴിയില്‍ ഒരു പടിപ്പുര ഉണ്ടായിരുന്നു. ആ പടിപ്പുരയില്‍ക്കൂടിയോ അതിനു തെക്കു വശത്തോടു ചേര്‍ന്നുള്ള ഇടുങ്ങിയ വഴിയില്‍ ക്കൂടിയോ വേണമായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍. അതുകൊണ്ടുതന്നെ ഒരു സൈക്കിള്‍ ചവിട്ടിയുള്ള യാത്ര പോലും ആ വഴിയില്‍ ദുഷ്കരമായിരുന്നു.

വഴിയില്‍ മെയിന്‍ റോഡിനോടു ചേര്‍ന്ന് ബസ്‌ സ്റ്റോപ്പിനടുത്ത് മരം കൊണ്ടു തീര്‍ത്ത പടിവാതിലുകള്‍ ഉണ്ടായിരുന്നു. വാതിലിന്‍റെ വടക്കു ഭാഗത്ത് നാല്‍ക്കാലികളുടെ പ്രവേശനത്തെ തടഞ്ഞും ഇരുകാലികള്‍ക്ക്‌ അത് സുഗമമാക്കിയുമുള്ള ഒരു സംവിധാനവുമുണ്ടായിരുന്നു. അമ്മയുടെ കല്യാണ സമയത്ത് വിശിഷ്ട അതിഥികളെ കൊണ്ടുവന്ന നിരവധി കാളവണ്ടികള്‍ ആ വഴിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിരന്നു കിടന്നിരുന്നതായും കലാമണ്ഡലം കൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ ഗംഭീര കഥകളി ഉണ്ടായിരുന്നതായും  കേട്ടിട്ടുണ്ട്. ഇരുന്നു വിരുന്നു വിളിക്കാന്‍ കാക്കകള്‍ കദളിവാഴക്കയ്യുകള്‍ അന്വേഷിച്ചു പറന്നിരുന്ന കാലമായിരുന്നല്ലോ അത്. കാറുകള്‍ കാളവണ്ടികളുടെ സ്ഥാനം കയ്യടക്കിയപ്പോള്‍ കാക്കകള്‍ ഡിഷ്‌ ആന്റിനകളിലേക്ക് ചേക്കേറിയത്‌ പില്‍ക്കാല സത്യം.

റോഡു കടന്നു, ചരല്‍ തൂവിക്കിടക്കുന്ന വഴിയിലൂടെ അല്‍പം നടന്നാല്‍, ഇടത്തോട്ടു തിരിയുന്ന വളവില്‍ കാവുമ്മാനും കുടുംബവും താമസിക്കുന്ന മഠം. അല്‍പം കൂടി മുന്‍പോട്ടു പോയി വലത്തേക്കുള്ള ഒരു വളവുകൂടി ത്തിരിഞ്ഞാല്‍ സ്കൂള്‍ ആയി. കുറച്ചുകൂടി മുന്‍പോട്ട് നടന്നാല്‍, വഴി ടാറിട്ട മെയിന്‍ റോഡില്‍ അവസാനിക്കുന്നു. റോട്ടില്‍ കൂടി കുറച്ചുകൂടി നടന്നുപോയാല്‍ അച്ഛനും അമ്മയും ജോലി ചെയ്യുന്ന യു.പി. സ്കൂള്‍ അഥവാ കിഴക്കേ സ്കൂള്‍.

ഞങ്ങളെ സംബന്ധിച്ചിടത്തോളം കിഴക്ക് ഭാഗത്തായിരുന്നുവെങ്കിലും, പശ്ചിമഘട്ടത്തിന്‍റെ പേരിനെഅനുസ്മരിപ്പിച്ചാണ് പടിഞ്ഞാറെ സ്കൂള്‍ അറിയപ്പെട്ടിരുന്നത്.

ദീര്‍ഘ ചതുരാകൃതിയിലുള്ള വളരെ ചെറിയൊരു മുറ്റം. മുറ്റത്തിന്‍റെ വടക്കു ഭാഗം വഴിയോടു ചേര്‍ന്ന്‍. മറ്റു മൂന്നു ഭാഗത്തും വീതി കുറഞ്ഞ ഇറയം. ഇറയത്തോടു ചേര്‍ന്ന് ക്ലാസ് മുറികള്‍. ബാലന്‍ മാഷ്‌ടെ ഒന്നാം ക്ലാസ്, മാത്തേലി മാഷ്‌ടെ മൂന്നാം ക്ലാസ്, കുമാരിട്ടീച്ചറുടെ ഒന്നാംക്ലാസ്, അമ്മിണി ട്ടീച്ചറുടെ രണ്ടാം ക്ലാസ്, ത്രേസ്യ ട്ടീച്ചറുടെ രണ്ടാം ക്ലാസ്, ഗോവിന്ദന്‍ മാഷ്‌ടെ നാലാം ക്ലാസ്, ഓപ്പമ്മാന്‍റെ മൂന്നാം ക്ലാസ്, പിന്നെ കുമാരന്‍ മാഷ്‌ടെ നാലാം ക്ലാസ് ഈ ക്രമത്തിലായിരുന്നു ക്ലാസ് മുറികള്‍. പനമ്പുകൊണ്ടു നിര്‍മ്മിച്ച തട്ടികകളാണ് ക്ലാസുകളുടെ അതിര്‍ത്തികള്‍ തിരിച്ചിരുന്നത്.

ഔദ്യോഗികമായി ശാരദട്ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന കുമാരിട്ടീച്ചര്‍ ആയിരുന്നു ഒന്നാം ക്ലാസ്സിലെ എന്‍റെ അദ്ധ്യാപിക. ഹരിശ്രീ എന്നു എന്‍റെ കൈപിടിച്ചു എഴുതിച്ചത് അച്ഛനാണെങ്കില്‍, അമ്മ എന്ന വാക്കു പറഞ്ഞു തന്നത് അമ്മയാണെങ്കില്‍, അമ്മ എന്ന് എന്നെ എഴുതാന്‍ പഠിപ്പിച്ച്ത് കുമാരിട്ടീച്ചറാണ്. സ്ലേറ്റും പെന്‍സിലുമായിരുന്നു അന്നത്തെ ഒന്നാം ക്ലാസ്സുകാരുടെ എഴുത്തുപകരണങ്ങള്‍. അക്ഷരങ്ങള്‍ എഴുതിയിരുന്നു എന്ന് പറയുന്നതിനേക്കാള്‍ വരച്ചിരുന്നു എന്ന് പറയുന്നതായിരിക്കും ഉചിതം.

അക്ഷരങ്ങളോടൊപ്പം ചില ക്രയവിക്രയ ശീലങ്ങളും ഞാന്‍ പഠിച്ചുതുടങ്ങിയിരുന്നു.
ഞങ്ങളുടെ പറമ്പിന് അതിരിട്ട് പുഴയിലേക്കുള്ള വഴിയോടു ചേര്‍ന്ന് ഒരു മുള്‍വേലി ഉണ്ടായിരുന്നു. വേലിയില്‍ അവിടവിടെയായി കള്ളിച്ചെടികള്‍ അഥവാ ചതുരക്കള്ളികളും ഉണ്ടായിരുന്നു. അവയെ മുറിച്ചെടുത്ത്, മുള്ള് നീക്കി, "നേന്ത്രക്കായ് നാലുകീറി പുനരതു ചതുരാകാര ഖണ്ഡം നുറുക്കി" എന്ന മട്ടില്‍ , മുതിരന്ന ക്ലാസ്സുകളിലെ ചേട്ടന്മാര്‍ കഷണങ്ങളാക്കിയെടുക്കും.
സ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാതാകുമ്പോള്‍, ചേട്ടന്മാരുടെ കയ്യിലെ ജലാംശം നിറഞ്ഞ ചതുരക്കള്ളിക്കഷണങ്ങള്‍ക്കു താര പരിവേഷം കൈവരും. ഒരു പെന്‍സിലോ പെന്‍സിലിന്‍റെ പകുതിയോ കൊടുത്താല്‍ ചേട്ടന്മാര്‍ ഒരു കഷണം തരും. പലതവണ ഉപയോഗിച്ചു ജലാംശം നഷ്ടപ്പെട്ട് ദൈന്യഭാവത്തിലായ കള്ളിക്കഷണങ്ങള്‍ ക്ലാസ്സിലും പരിസരത്തും ചിതറിക്കിടക്കുന്നതു പതിവ് കാഴ്ചയായിരുന്നു. അവയ്ക്ക് ഒരു പ്രത്യേക ഗന്ധവുമുണ്ടായിരുന്നു.

സ്ലേറ്റില്‍ മാത്രമല്ല , ജീവിതത്തിലും നിരവധി തെറ്റുകളും വീഴ്ചകളും സംഭവിക്കാമെന്നും അവയെല്ലാം തിരുത്തി മുന്നോട്ടു പോകാമെന്നുമുള്ള പാഠം പഠിപ്പിക്കുകകൂടിയായിരുന്നു, വാസ്തവത്തില്‍ ആ ചതുരക്കള്ളിക്കഷണങ്ങള്‍.

ആദ്യത്തെ രണ്ടു പിരീഡ് കഴിഞ്ഞാല്‍ പ്രാഥമികകാര്യങ്ങള്‍ക്കായുള്ള ഒരു ചെറിയ ഇടവേള. സ്ലേറ്റുമായുള്ള സംവാദത്തില്‍ നഷ്ടപ്പെട്ട പെന്‍സിലിന്‍റെ മുന വീണ്ടെടുക്കുക എന്നൊരു കൊച്ചു ജോലികൂടി ആ ഇടവേളയില്‍ ചെയ്യുവാനുണ്ടായിരുന്നു. ഇറയത്ത്‌ വരിവരിയായിരുന്ന്‍, നിലത്തുരച്ച് പെന്‍സിലിന്‍റെ മുന കൂര്‍പ്പിച്ചെടുക്കുന്നത് ഒരു മത്സരവും ഒപ്പം ആഹ്ലാദകരവുമായിരുന്നു. അതിനിടയില്‍, ഓടിക്കളിക്കുന്ന ചിലര്‍, അറിയാതെ കയ്യില്‍ ചവിട്ടുകയും പെന്‍സില്‍ ഒടിയുകയും ചെയ്യുമ്പോള്‍ സങ്കടപ്പെട്ട് കരഞ്ഞിരുന്നതുമൊക്കെ വളരെ വ്യക്തമായിത്തന്നെ ഇന്നും ഓര്‍മയില്‍ തെളിയുന്നു.

ഞങ്ങളുടെ ക്ലാസിന്‍റെ പുറകില്‍ ചുമരിനോടു ചേര്‍ത്തുകെട്ടിയ ഓല മേഞ്ഞ ഒരു ചെറിയ പുര ഉണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള സൌജന്യ ഉച്ചഭക്ഷണം തയാറാക്കിയിരുന്നത് അവിടെയായിരുന്നു. ഏതാണ്ടൊരു പന്ത്രണ്ടു മണിയാകുമ്പോള്‍, അവിടെ നിന്നും ഉയരുന്ന ഗന്ധം ക്ലാസിലേക്ക് ഒഴുകി പടരാന്‍ തുടങ്ങും. ഒപ്പം വിശപ്പ് വയറ്റിലേക്കും. തുടര്‍ന്നു ഒരുമണിക്കുള്ള മണിയടിക്കുവേണ്ടിയുള്ള കാത്തിരുപ്പാണ്. 

ആ ശീലം ഇന്നും തുടരുന്നു. ഇന്നും ഉച്ചഭക്ഷണത്തിനു തൊട്ടുമുന്‍പുള്ള മീറ്റിങ്ങുകളിലും ചര്‍ച്ചകളിലും എന്‍റെ പ്രത്യക്ഷസാനിദ്ധ്യമുണ്ടാകുമെങ്കിലും, മനസ്സ് ഭക്ഷണപ്പാത്രവും തേടി അലയുകയായിരിക്കും.













Saturday, May 3, 2014

എങ്ങിനെ മലയാളത്തില്‍ ടൈപ്പുചെയ്യാം?

കമ്പ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിച്ചു മലയാളത്തില്‍ ടൈപ്പുചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

പഠിതാക്കള്‍ക്കുണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകള്‍.

1. മലയാളം അക്ഷരങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുവാനുള്ള കഴിവ്
2. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത്തിനുള്ള പ്രാഥമിക തലത്തിലുള്ള പരിജ്ഞാനം.

ഇതു പഠിക്കുവാന്‍ വളരെ എളുപ്പമാണ്‌. പണ്ടു നമ്മുടെ വിജയനേയും ദാസനെയും ഗഫൂര്‍ കാ ദോസ്ത് അറബി പഠിപ്പിച്ചതിനേക്കാള്‍ എളുപ്പ മല്ലെങ്കിലും. 

Internet Explorer, Firefox, Google Chrome ഇവയിലേതെങ്കിലും ലോഡ് ചെയ്യുക. 
സെര്‍ച്ച്‌ ബോക്സില്‍ Malayalam Transliteration എന്ന് ടൈപ്പു ചെയ്യുക.
ഇനി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വീഡിയോ കാണുക.


മലയാളം നിങ്ങളുടെ വിരല്‍ത്തുമ്പിലായിക്കഴിഞ്ഞു.



അച്ഛന്‍റെ ശതാഭിഷേകം

അച്ഛന്‍റെ ശതാഭിഷേകം 2013 ജുലായ് 7നു  പൂലാനിയില്‍ ഞങ്ങളുടെ വസതിയില്‍ വച്ച് ആഘോഷിച്ചു. അച്ഛനു സമര്‍പ്പിച്ച മംഗളപത്രം ചുവടെ.



ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ചുവടെ

മംഗളപത്ര സമര്‍പ്പണം - 2
ആശംസകള്‍
കുടുംബാംഗങ്ങളോടൊത്ത്

Saturday, April 19, 2014

ലക്കം - 5 - വിഷു 2014

ഏപ്രില്‍ 13 2014


ആഘോഷദിവസങ്ങള്‍ക്കു വേണ്ടി നമ്മുടെ സൌകര്യങ്ങള്‍ ക്രമപ്പെടുത്തിയിരുന്ന കാലമായിരുന്നു പണ്ടൊക്കെ. മാറിവരുന്ന ജീവിത ശൈലികളും കൃത്യാന്തര ബാഹുല്യവും ചിലരെയെങ്കിലും തിരിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിന്‍റെ ഫലമായി ഇത്തവണ വിഷു ഞങ്ങള്‍ക്കു നേരത്തെ എത്തി. എരയാന്‍കുടിയില്‍നിന്നു അനിതയും സതീശും കുട്ടികളും, വാളൂരില്‍ നിന്ന് സന്ധ്യയും ദിലീപും കുട്ടികളും ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ കൊരട്ടി സ്വരൂപത്തിന്‍റെ കൊച്ചുരൂപം, ഇവിടെ വെഞ്ചുറയില്‍. ആനന്ദലബ്ധിക്കിനി എന്തുവേണം?
ഞാനും ഗീതയും ചേര്‍ന്നു  സദ്യയൊരുക്കി എന്ന് പറഞ്ഞാല്‍  “ഞാനും മൂര്‍ഖന്‍ പാമ്പും ചേര്‍ന്നു ഒരാളെ കൊത്തിക്കൊന്നു" എന്ന് പണ്ടൊരു ഞാഞ്ഞൂല്‍ പറഞ്ഞതുപോലെയല്ലേ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അല്ല, സഹൃദയരെ, അല്ലേ അല്ല. വിഭവങ്ങളുടെ വിവിധ നിര്‍മ്മാണ ഘട്ടങ്ങളില്‍ അവയുടെ ഗുണനിലവാരം പരിശോധിക്കുകയും ISO നിലവാരത്തിലേക്കെത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക, അതതു സമയത്തേക്കാവശൃമുള്ള വിഭവ സമാഹരണം നടത്തുക തുടങ്ങി നിരവധി പ്രക്രിയകളില്‍ ഞാന്‍ സജീവ പങ്കാളിയായിരുന്നു. ഇതോടൊപ്പമുള്ള വീഡിയോ അതിനെയെല്ലാം സാക്ഷ്യപ്പെടുത്തുന്നു. 

വിഷു 2014
പായസവും പലഹാരങ്ങളും തീന്മേശയിലെ തട്ടുകളിലേക്ക് ഇന്‍റര്‍നെറ്റില്‍ നിന്നും നേരിട്ടു ഡൌണ്‍ലോഡ് ചെയ്തെടുക്കാനുള്ള സാങ്കേതിക വിദ്യ വരുന്നതും നോക്കി നമുക്ക് കാത്തിരിക്കാം. 

എല്ലാവര്ക്കും  വിഷു ആശംസകള്‍.




ലക്കം - 4 ശാസ്താം പാട്ട്

ലക്കം 4 ഏപ്രില്‍ 7 2014


ദേശീയപാതയില്‍ ചാലക്കുടിയില്‍ നിന്നും പത്ത് പന്ത്രണ്ടു കിലോമീറ്റര്‍ വടക്കോട്ട്‌ പോയാല്‍ കൊടകര പട്ടണം. അവിടെ നിന്നും കുറച്ചു ദൂരം കിഴക്കോട്ടു പോയാല്‍ കാണാം, കോടശ്ശേരി മലയോടു ചേര്‍ന്ന്‍, ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളില്‍ നിന്നെന്നപോലെ ഇവിടെ നിന്നും പൂലാനിയുള്‍പ്പടെയുള്ള പല ഗ്രാമങ്ങളിലേക്കും, ആവാഹിച്ചെടുത്ത വിഗ്രഹ ചൈതന്യവുമായി പറയെടുപ്പ് ഉണ്ടായിരുന്നു ആദ്യകാലങ്ങളില്‍.

ആദ്യത്തെ മൂന്നു പേരും പെണ്‍കുട്ടികളായപ്പോള്‍, അടുത്തതെങ്കിലും ഒരാണ്‍കുട്ടിയാകണമെന്ന മോഹവുമായി അമ്മ നടന്നിരുന്ന കാലം. ആ സമയത്താണ് കോവിലകത്തിന്‍റെ വടക്കുഭാഗത്തുള്ള പോട്ടയത്ത് വീട്ടില്‍ ( കുണ്ടൂരു വളപ്പില്‍ എന്നും ആ വീട് അറിയപ്പെടുന്നു) ആ വര്‍ഷത്തെ ആറേശ്വരം പറ വന്നത്. അടുത്തത് ഒരാണ്‍കുട്ടിയാണെങ്കില്‍ ഇനിമുതല്‍ എല്ലാ വര്‍ഷവും ഒരു പറ കൊടുത്തുകൊള്ളാമെന്നു അമ്മ നേരുകയും അങ്ങിനെ
6 ആറേശ്വരത്തപ്പന്‍റെ  കൃപയാല്‍
5 അഞ്ചു മക്കളില്‍
4 നാലാമത്തേതായി
3 മുന്നു പെണ്‍മക്കള്‍ക്കുശേഷം
2 രണ്ടാം ഓണം നാളില്‍
1 ഒരേ ഒരു മകനായി പൂലാനി കോവിലകത്തു ഞാന്‍ ജനിച്ചു എന്നാണ് ഐതിഹ്യം. നേര്‍ന്ന വഴിപാടിനോട് അമ്മ നൂറു ശതമാനം നീതി പുലര്‍ത്തി, സാമ്പത്തിക പരാധീനതയെത്തുടര്‍ന്നു ക്ഷേത്ര ഭരണാധികാരികള്‍ പറയെടുപ്പ് അവസാനിപ്പിക്കുന്നത് വരെ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമ്മ, വഴിപാട് ക്ഷേത്ര സന്നിധിയില്‍ നേരിട്ടോ അല്ലാതെയോ എത്തിച്ചിരുന്നു. ഈ എണ്‍പത്തിഒന്നാം വയസ്സിലും അത് അഭംഗുരം തുടരുന്നു. അമ്മയോട് നീതി പുലര്ത്താന്‍ എനിക്ക് സാദ്ധ്യമായോ എന്നത് കാലം തെളിയിക്കട്ടെ. 

അന്നത്തെ മട്ടിലുള്ള കോവിലകം ഇന്നില്ല. കാലപ്പഴക്കം വരുത്തി വച്ച അനിവാര്യതയെ അതിജീവിക്കുവാന്‍ കഴിയാതായപ്പോള്‍ പൊളിച്ചുമാറ്റപ്പെട്ട കോവിലകത്തിന്‍റെ സ്ഥാനത്ത് ഇന്ന് വലിയപ്പുമ്മാന്‍ പണികഴിപ്പിച്ച ഒരു പുത്തന്‍ കോവിലകം എഴുന്നു നില്ക്കുന്നു. 

എങ്കിലും

മൂലക്കല്ലിളകിപ്പൊളിഞ്ഞ നിലവും കുമ്മായമങ്ങിങ്ങടര്‍-
ന്നാലിന്‍ തൈ കിളിരം വളര്‍ന്ന ചുമരും തൂങ്ങും കഴുക്കോലുമായ്
കോലംകെട്ടു വിചിത്രമായ് സമൃതിയിലുണ്ടിന്നും സ്വജന്മാലയം
ലേലം ചെയ്തു പൊളിച്ചെടുത്തു തറയും മാന്തിക്കഴിഞ്ഞെങ്കിലും


(സമാന സാഹചര്യം ഏതോ ഒരു ശ്ലോകിയില്‍നിന്നും കടഞ്ഞെടുത്തതാണീ ശ്ലോകം)


എനിക്ക് ഒരു അനുജത്തി ഉണ്ടായശേഷം, ഞങ്ങള്‍ ഐവര്‍ സംഘത്തേയും കൂട്ടി ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തേക്ക് അച്ഛനും അമ്മയും മാറിത്താമസിച്ചിട്ട് അര നുറ്റാണ്ടാകുവാന്‍ പോകുന്നു. പുതിയ സ്ഥലത്തേക്കു മാറി കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ്, അദ്ധ്യാപകരായ മാതാപിതാക്കളുടെ അസാന്നിദ്ധ്യം പകല്‍ സമത്ത് അനുഭവപ്പെടാന്‍ തുടങ്ങിയത്. അമ്മ സ്കൂളില്‍ പോകുമ്പോള്‍ പടി വരെ കരഞ്ഞു പിന്തുടര്‍ന്നതും പരിയാരത്തുനിന്നും പൂലാനി സ്കൂളിലേക്ക് ദിവസവും പുഴ കടന്നു വന്നിരുന്ന കുമാരന്‍ മാഷ്‌ സാന്ത്വനിപ്പിച്ച് തിരിച്ചയച്ചതും ഓര്‍മയില്‍ നിഴല്‍ പോലെ തെളിഞ്ഞു മായുന്നു. 

അതിനിടെ അച്ഛന്‍ എന്‍റെ വിരല്‍പ്പൂവുകളില്‍ ഹരിശ്രീയുടെ മുത്തുകള്‍ വിരിയിച്ചിരുന്നു. അക്ഷര വഴികളിലെ ആദ്യത്തെ ചുവട്. അന്ന് അച്ഛന്‍ തെളിയിച്ച ആ വിളക്കിന്‍റെ വെട്ടത്തില്‍ തുടങ്ങിയ യാത്ര, ഇന്നും ആ വിളക്കിലേക്ക്, മങ്ങാന്‍ തുടങ്ങുമ്പോഴൊക്കെ എണ്ണ പകര്‍ന്നൊഴിക്കുന്ന അച്ഛന്‍.  ആ വിളക്കും വെളിച്ചവുമൊക്കെ അച്ഛന്‍ തന്നെയാണ്. 

അച്ഛന്‍റെ വിരല്‍ത്തുമ്പില്‍ പിടിച്ച് ആ അഞ്ചുവയസ്സുകാരന്‍ നെറ്റിയില്‍ നനച്ചുതൊട്ട ഭസ്മവും കയ്യില്‍ സ്ലേറ്റുമായി നടന്നടുക്കുകയാണ്, ഒന്നാം ക്ലാസ്സിലേക്ക്. ആറടി മണ്ണിന്‍റെ ജന്മിയാകുന്നതുവരെ തുടരുന്ന അദ്ധ്യയന യാത്രയുടെ ഒന്നാം തിരുപ്പടി.


അടിക്കുറിപ്പ്


ശാസ്താവിന്‍റെ സ്വാധീനം കൊണ്ടോ എന്തോ ഉടുക്കും ശാസ്താം പാട്ടും പില്‍ക്കാലത്ത് ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. കാലടിയിലെ ശ്രീ ഗോപാലകൃഷ്ണപ്പണിക്കരുടെ (പണിക്കരേട്ടന്‍) ശിഷ്യത്വം സ്വീകരിച്ച് ശാസ്താംപാട്ടിന്‍റെ ബാല പാഠങ്ങള്‍ പഠിച്ചു, ഒപ്പം പാലാഴി മഥനം കഥയിലെ പാട്ടുകളും. വാസുകിയെക്കൊണ്ടു ചുറ്റിയ മന്ദര പര്‍വ്വതത്തെ പാലാഴിയിലേക്കിറക്കി മഥനം തുടങ്ങുന്നതും, കൂര്‍മ്മാവതാരവും, ശിവന്‍ നീലകണ്ഠനായതും ഈ പാട്ടില്‍ വര്‍ണ്ണിക്കപ്പെടുന്നു.

ശാസ്താം പാട്ട്

ലക്കം - 3 - ഓര്‍മ്മയിലേയ്ക്കൊഴുകിമറഞ്ഞ പുഴ

മാര്‍ച്ച് 30, 2014

വൃശ്ചികപ്പുലരികളില്‍ കുളിരും ഗ്രീഷ്മസായാഹ്നങ്ങളില്‍ ഇളം ചൂടും പകര്‍ന്നങ്ങനെ ശാന്തമായൊഴുകുന്ന പുഴ, വര്‍ഷകാലങ്ങളില്‍ രൌദ്രഭാവത്തിലായിരിക്കും. മിഥുന, കര്‍ക്കിടക മാസങ്ങളില്‍ ഉത്ഭവസ്ഥാ നങ്ങളിലും ഇരുകരകളിലും കാര്‍മേഘങ്ങള്‍ മഴ സൂചികള്‍കൊണ്ട്
ഭുമിയുടെ മാറു കുത്തി പിളര്‍ക്കുമ്പോള്‍ രൂപം കൊള്ളുന്ന മണ്ണിന്‍റെ രക്തനീര്‍ച്ചാലുകള്‍ ഒഴുകിയെത്തി യാത്ര അവസാനിപ്പിക്കുന്നത് പുഴയിലായിരിക്കും. അങ്ങിനെ ഉളവാകുന്ന നിറഭേദവും ജലസമൃദ്ധിയും ചേര്‍ന്നു പുഴയെ കൂടുതല്‍ വന്യമാക്കും. അലക്കുകല്ലുകളെയും, മണപ്പുറത്തേയും തന്‍റെ ഗര്‍ഭത്തിലേക്ക് പുനരാവഹിച്ച് വര്‍ദ്ധിത വീര്യയായി അങ്ങിനെ ഒഴുകുമ്പോഴാണ്‌, സമീപ പ്രദേശങ്ങളൊക്കെ ഒന്ന് സന്ദര്‍ശിക്കാന്‍ പുഴ ശ്രമിക്കാറുള്ളത്. 

എന്‍റെ ഓര്‍മ്മയില്‍ ഒരിക്കല്‍ മാത്രമേ പുഴ അതില്‍ വിജയിച്ചിട്ടുള്ളു. ഞാനൊരു മൂന്നാംക്ലാസുകാരനാണ് ആസമയത്ത്. ഞങ്ങളുടെ മുറ്റവും മുമ്പിലുള്ള പാടവുമൊക്കെ വെള്ളത്തിനടിയില്‍. അന്ന് കോവിലകത്തുനിന്നും നടന്നുവന്ന കൊച്ചുണ്ണിമ്മാന്‍, ഞങ്ങളുടെ പറമ്പിലെത്തിയപ്പോള്‍ വെള്ളത്തില്‍ വീണതും തന്‍റെ പ്രിയപ്പെട്ട വാച്ചില്‍ വെള്ളം കയറിയതില്‍ സങ്കടപ്പെട്ടതുമൊക്കെ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കു ന്നു. 

ആകാശം കാര്‍മേഘപ്പുതപ്പ് മെല്ലെ വലിച്ചു മാറ്റാന്‍ തുടങ്ങുമ്പോള്‍ പുഴയിലെ ജലനിരപ്പും താഴാന്‍ തുടങ്ങും. എങ്കിലും മണപ്പുറമൊക്കെ തെളിഞ്ഞുവരാന്‍ പിന്നെയും സമയമെടുക്കും. നീന്തിക്കുളിക്കുവാനും, നീന്തല്‍ പഠിക്കുവാനും പറ്റിയ നാളുകള്‍. ആസമയത്തൊക്കെ യാത്രക്കാരെ അക്കരെയിക്കരെ എത്തിക്കാന്‍ രാഘവന്‍ നായരും കമലാക്ഷിയമ്മയുമൊക്കെ കടത്തുവഞ്ചിയുമായി എത്തുമായിരുന്നു. അവരൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പേ നിത്യതയിലേക്കുള്ള കടത്തു കടന്നു നടന്നു മറഞ്ഞിരിക്കുന്നു. 

പുഴയുടെ പൂര്‍വാശ്രമം ഏറെക്കുറെ ഇവിടെ അവസാനിക്കുകയാണ്. 

നിര്‍മ്മാണാവശ്യത്തിനുള്ള മണല്‍ പുഴകളില്‍ നിന്നും നിര്‍വിഘ്നം ഖനനം ചെയ്തെടുക്കാമെന്ന നില വന്നപ്പോള്‍ കേരളത്തിലെ മറ്റു പുഴകളോടൊപ്പം ഈ പുഴയുടെയും ചരമക്കുറിപ്പ് എഴുതിത്തുടങ്ങുകയായിരുന്നു. ഓളക്കൈകളില്‍ മണല്‍ത്തരികളുമായുള്ള യാത്രക്കിടയില്‍ തൂകിയും,തടഞ്ഞും, തലോടിയും സംവത്സരങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത മണല്‍പ്പുറവും മണല്‍ത്തട്ടുമൊക്കെ ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. കീറി മുറിക്കപ്പെട്ട ഒരു മൃതശരീരത്തിന്‍റെ ആന്തരാവയവങ്ങള്‍ പുറത്തേക്ക് വീണു കിടക്കുന്നതുപോലെ പുതിയ പാറക്കുട്ടങ്ങള്‍ ജലോപരിതലത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജലനിരപ്പ്‌ താഴുന്നതിനൊപ്പം നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞു. ചെളി പുതഞ്ഞ മണലില്‍ ചെടികളും കുറ്റിക്കാടുകളും വളരാന്‍ തുടങ്ങി. കൃമി കീടങ്ങള്‍ കുടികിടപ്പവകാശം പ്രഖ്യാപിച്ചതോടെ കുളികഴിഞ്ഞാല്‍ തോര്‍ത്തുന്നതിനോടോപ്പം ശരീരം ചൊറിയുകകൂടിവേണമെന്ന നിലയിലായി. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്നപോലെ, പുഴക്കരികില്‍ സ്ഥാപിക്കപ്പെട്ട ചില നിര്‍മ്മാണ കമ്പനികള്‍ അവയുടെ മാലിന്യം പുഴയിലേക്ക് തള്ളാന്‍ തുടങ്ങുകയും ചെയ്തതോടെ സു:ഖമായ കുളി എന്നത് വെറുമൊരു സങ്കല്‍പം മാത്രവുമായി. നീര്‍നായ്,ചീങ്കണ്ണി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ക്കു ആവാസ സ്ഥലമാകുകയും ചെയ്തതോടെ പുഴയിലിറങ്ങുന്നതുപോലും ഭീതിദം. 


ഇപ്പോഴും, പൂലാനിയിലെത്തുമ്പോഴൊക്കെ, മിക്കവാറും ദിവസങ്ങളില്‍ പുഴയിലേക്ക് പോകും. ഒരു ശ്മശാന മൂകതായണവിടെ. നമ്മുടെ പ്രിയപ്പെട്ടവരാരെയോ ദഹിപ്പിച്ചിടത്ത് നില്‍ക്കുന്നതു പോലെ. അവിടെ കല്‍പ്പടവുകളില്‍ നിന്ന്, പുഴയെ കുറച്ചുനേരം നോക്കി നിന്ന് മെല്ലെ മടങ്ങും. 

എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനിവാഴ്വു കിനാവ്, കഷ്ടം!

എന്‍റെ ബാല്യ,കൌമാര കാലങ്ങളില്‍ എന്നെ ലാളിച്ച, എന്‍റെ ചിന്തകളെ ഉത്തേജിപ്പിച്ച പുഴ. അതിലൊരിക്കല്‍ കൂടി മുങ്ങി നിവരാന്‍ എനിയ്ക്കോ, എന്‍റെ അനന്തര തലമുറകള്‍ക്കോ സാധിക്കുമോ എന്നറിയില്ല. എങ്കിലും ആ ഓര്‍മ്മകള്‍, ഓര്‍മ്മകളില്‍ തെളിയുന്ന കടവുകള്‍, ഒരു തോര്‍ത്തുമുണ്ടും സോപ്പുമായി ചെന്ന് ആ കടവുകളിലെങ്കിലും ഞാന്‍ ഇടയ്ക്കൊന്നു നീന്തിത്തുടിച്ച് മുങ്ങി നിവരട്ടെ.

ലക്കം - 2 - പുഴയൊരു പുഴയായിരുന്നു

മാര്‍ച്ച് 23, 2014

എന്തുകൊണ്ടോ, ഞങ്ങളുടെ അടുത്തെത്തുമ്പോള്‍ പുഴയ്ക്ക് മറുകരയോടു ചേര്‍ന്നൊഴുകുന്നതിനാണ് താല്പര്യം. ഒരു തരത്തില്‍ ഞങ്ങള്‍ക്കതൊരു അനുഗ്രഹവുമായിരുന്നു. വിശാലമായൊരു മണല്‍പ്പുറം ഞങ്ങള്‍ക്കു  കിട്ടി. നീരൊഴുക്കും മണല്‍പ്പുറവും ചേര്‍ന്നു നില്ക്കുമ്പോഴേ പുഴ പുഴയാകൂ. 

ഉള്ളൂര്‍ പാടിയതുപോലെ 

"പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പു സാര്‍ത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്‍കൂ"

കോവിലകം കടവ് എന്നാണ് ഞങ്ങളുടെ കടവിന്‍റെ പേര്.
ഇടവഴിയിലൂടെ നടന്നു കടവിലെത്തിയാല്‍ കല്‍പടവുകള്‍ ഇറങ്ങി വേണം മണല്‍പ്പുറത്തെത്താന്‍. മണല്‍പ്പുറത്തു നിന്ന് , വടക്കോട്ട്, പുഴ ഒഴുകി വരുന്ന ദിശയിലേക്ക് നോക്കിയാല്‍ കുറച്ചു മുകളിലായി കാനാഞ്ചേരി കടവ്, അതിനുമുകളിലായി ചെട്ടിതോപ്പു കടവ്, കൊമ്പമ്പാറ കടവ്. മുകളിലേക്ക് കുറച്ചു നാഴിക കൂടി പോയാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം. ചെട്ടിതോപ്പ് കടവ് മുതല്‍ക്കാണു പുഴ നമുക്കു ദര്‍ശനം നല്കു്ക. 

കാനാഞ്ചേരി കടവില്‍ ഇരു കരകളെയും ബന്ധിപ്പിച്ച് ചിതറിക്കിടക്കുന്ന നിരവധി പാറക്കുട്ടങ്ങള്‍ കാണാം. ആ പാറക്കുട്ടങ്ങള്‍ക്കിടയിലുടെ തുള്ളിക്കളിച്ചു വരുന്ന പുഴയെ ഒന്നു കാണേണ്ടതുതന്നെ. 

മലയാളത്തിന്‍റെ പ്രിയ കവി ശ്രീ ഒ. എന്‍. വി. കുറുപ്പ് ഇവിടെയിരുന്നാണോ "കുഞ്ഞേടത്തി" എഴുതിയതെന്നു പോലും സംശയിച്ചുപോകും, പുഴ ഒഴുകി വരുന്നതു കണ്ടാല്‍.

"ഒരുനാളങ്ങനെ പുഴ കണ്ടു, 
കുഞ്ഞു തിരകളതിന്‍ മാറിലാടുന്നു, 
പാല്‍ നുരകളതിന്‍ മാറിലുതിരുന്നു
തിരുതകൃതിയിലെങ്ങോ പായുന്നു.


കുടിവച്ച മലയുടെ താഴ്വാരത്തീന്നടിവച്ചടിവെച്ചു വരികയത്രേ
മക്കള്‍ വാഴുന്നിടം കാണാനാക്കൊച്ചു മക്കളെ കാണാന്‍ വരികയത്രേ"

എന്നെ ഏറെ ഭ്രമിപ്പിച്ചിട്ടുള്ള കവിതയാണത്. 

അടിവച്ചടിവെച്ചു വരുന്ന പുഴ , നമ്മളെയും കടന്നു അടുത്ത വളവില്‍ അപ്രത്യക്ഷമാകും.

വ്യതസ്ത താല്‍പര്യങ്ങളുള്ള നിരവധി സന്ദര്‍ശകര്‍ ദിവസേന ഈ മണപ്പുറം താണ്ടിയിരുന്നു. അക്കരയ്ക്കും ഇക്കരക്കും പോയി വന്നിരുന്ന കര്‍ഷക തൊഴിലാളികള്‍, യാത്രക്കാര്‍, പള്ളിയില്‍ പോയിരുന്നവര്‍, കുളിക്കാന്‍ വരുന്നവര്‍, കുളി കാണാന്‍ വരുന്നവര്‍, കന്നുകാലികളെ കുളിപ്പിക്കാന്‍ വരുന്നവര്‍, കളിയ്ക്കാന്‍ വരുന്നവര്‍ അങ്ങിനെ പലവിധം. സമീപ വാസികളുടെ കെട്ടിട നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും മറ്റും വേണ്ട മണല്‍ തലച്ചുമടായി എത്തിച്ചു കൊടുത്തിരുന്ന ചുമട്ടുകാരും അവിടത്തെ നിത്യ കാഴ്ച യായിരുന്നു, ജീവിതഭാരം അക്ഷരാര്‍ത്ഥത്തില്‍ തലയിലേറ്റി രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ അവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. 


കുളിക്കടവുകള്‍ അവിടവിടെയായി ധാരാളം ഉണ്ടായിരുന്നു. . അവ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം സംവരണം ചെയ്യപ്പെട്ടിരുന്നു. അതിനു പ്രധാന കാരണം പ്രത്യേക രൂപത്തിലും സൌകര്യത്തിലുമുള്ള അലക്കുകല്ലുകള്‍ സ്ത്രീകളുടെ അവകാശമായി അവര്‍ കരുതിയിരുന്നതുകൊണ്ടായിരിക്കും. തലേദിവസം രാത്രി കുളിക്കാന്‍ വരുന്ന പുരുഷന്മാര്‍ അത്തരം കല്ലുകള്‍ പുരുഷന്മാരുടെ കടവിലേക്ക് മാറ്റിയിടുന്നതും, പിറ്റേ ദിവസം രാവിലെ, നഷ്ടപ്പെട്ട കല്ല്‌ പുഷന്മാരുടെ കടവില്‍ കാണുമ്പോള്‍ സ്ത്രീകള്‍ കോപാകുലരാവുന്നതുമൊക്കെ രസമുള്ള കാഴ്ച്ചകള്‍ ആയിരുന്നു. 


ലൈഫ്ബോയ്, ചന്ദ്രിക, 501 സോപ്പുകള്‍ കുളിക്കടവുകള്‍ അടക്കിവാണിരുന്ന കാലമായിരുന്നു അന്നൊക്കെ. മറുനാടുകളില്‍ ജോലി ചെയ്യുന്നവര്‍ വിശേഷാവസരങ്ങളില്‍ നാട്ടില്‍ വരുമ്പോള്‍ അവരുടെ മോടിയും ധാടിയും കുളിക്കടവില്‍ കാണിച്ചിരുന്നത് പിയേഴ്സ്, ലക്സ് സോപ്പുകളിലുടെ യാണ്. കല്ലും സോപ്പും ഒറ്റക്കും കൂട്ടായും വസ്ത്രങ്ങളും ശരീരങ്ങളും വൃത്തിയാക്കിയപ്പോള്‍ , പ്രത്യക്ഷമായ നഷ്ടം സ്വാഭാവികമായും സോപ്പിനായിരുന്നു. അവസാനം അവ അലിഞ്ഞു മെലിഞ്ഞു കൈപ്പിടിയില്‍ ഒതുങ്ങാതെ തെന്നിമാറാന്‍ തുടങ്ങുബോള്‍ കല്ലുകളുടെ നെറ്റിയില്‍ ചാര്‍ത്തപ്പെടുമായിരുന്നു.. അങ്ങിനെ പച്ച,മഞ്ഞ,ചുവപ്പ് നിറത്തിലുള്ള പൊട്ടുകള്‍ തൊട്ട സുന്ദരിക്കല്ലുകള്‍ കുളിക്കടവുകളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു.

ഫുട്ബാള്‍, കുഴിപ്പന്ത്, കുട്ടിയും കോലും തുടങ്ങി പല കളികള്‍ക്കും  മണപ്പുറം വേദിയാകുമായിരുന്നു. എഴുപതുകളുടെ മദ്ധ്യത്തില്‍ ക്രിക്കറ്റ് ചാലക്കുടിയില്‍ ന്നിന്നും ബസ്സ് കയറി പൂലാനിയിലിറങ്ങി നടന്നെത്തിയത്‌ ഈ മണപ്പുറത്തേക്കായിരുന്നു. വല്യപ്പുമ്മാന്‍, മഠത്തിലെ രാച്ചേട്ടന്‍, ഗിരിജന്‍, പീതന്‍, കാരെക്കാടന്‍ ജീവന്‍ പിന്നെ ഞാന്‍ തുടങ്ങിയവരായിരുന്നു കളിക്കാര്‍. സൈക്കിള്‍ ടയര്‍ വിക്കറ്റായും തെങ്ങിന്‍ പട്ട ബാറ്റായും ക്രീസിലെത്തിയപ്പോള്‍ പൂലാനിയില്‍ ക്രിക്കറ്റിന് വേരോടിതുടങ്ങുകയായിരുന്നു. അന്ന് സച്ചിന്‍ ടെണ്ടുല്‍കര്‍ നിലത്തു കമിഴ്ന്നു കിടന്നു റണ്ണൌട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശീലനത്തിലായിരുന്നിരിക്കണം. 

പുഴ നലികിട്ടുള്ള പല മധുരാനുഭവങ്ങളില്‍ ഒന്നിവിടെ പങ്കുവെക്കട്ടെ. എന്‍റെ വിവാഹ ദിനത്തിലായിരുന്നു അത്. 1999 ആഗസ്ററ് 29. ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ചാലക്കുടിപ്പാലത്തിന്‍റെ ബലക്ഷയത്തെ തുടര്‍ന്നു ‍ ഗതാഗതം നിയന്ത്രിക്കപ്പെട്ടിരുന്ന കാലം. അതുകൊണ്ടുണ്ടായിരുന്ന ഗതാഗതക്കുരുക്കുകള്‍ യാത്രക്കാരെ വല്ലാതെ വലച്ചിരുന്നു. കല്യാണം കഴിഞ്ഞു, സദ്യയൊക്കെ കേമമായിത്തന്നെ ഉണ്ടു. പത്നീസമേതനായുള്ള ഗൃഹപ്രവേശത്തിന്‍റെ മുഹുര്‍ത്തം നോക്കിയപ്പോഴാണ് ഗതാഗതക്കുരുക്ക് ശരിക്കും ഒരു കുരുക്കായത്. കുടുതലൊന്നും ആലോചിച്ചില്ല. കാര്‍ പരിയാരം വഴി തിരിച്ചു വിട്ടു. ഞങ്ങളുടെ എതിര്‍വശത്തു പുഴയ്ക്കക്കരെ കാര്‍ നിറുത്തി. ഭാഗ്യത്തിന് അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. ഗീതയുടെ കൈ പിടിച്ച് വഞ്ചിയില്‍ കയറ്റി. ഗീത ആദ്യമായാണ് വഞ്ചിയില്‍ കയറുന്നത്, അതും പറ്റിയ ദിവസം തന്നെ. നില്‍ക്കാനും ഇരിക്കാനും പറ്റാതെ ഗീത. ഞാന്‍ പഴയൊരു സിനിമാപ്പാട്ട് ഒന്ന് ഭേദപ്പെടുത്തി പതുക്കെ പാടി.

"വൈക്കത്ത് നാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടി കൊണ്ടുപോരണ കല്യാണവള്ളം........"

ഇക്കരെ കടവില്‍ ഇറങ്ങിയപ്പോള്‍, അവിടെ പശുവിനെകുളിപ്പിച്ചു നിന്നിരുന്ന മുകുന്ദന്‍ നായര്‍ പറഞ്ഞു " പണ്ടു കാവുമ്മാനും കല്യാണം കഴിഞ്ഞു അമ്മായിയേയുംകൊണ്ടു വന്നത് വഞ്ചിയിലാണെന്ന്". അറിയാതെയാണെങ്കിലും പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ സാധിച്ച ആഹ്ലാദമായിരുന്നു എന്‍റെ ഉള്ളിലെങ്കില്‍, "ഒരു കാര്‍ പോലും കടന്നുചെല്ലാത്ത ഈ കുഗ്രാമത്തിലെ വീട്ടിലേക്കാണോ ഈശ്വരാ ഞാന്‍ കയറിചെല്ലുന്നത്" എന്നായിരിക്കുമോ ഗീത ഉള്ളില്‍ വിചാരിച്ചത്?

ലക്കം - 1 - ഒന്നെഴുതിത്തുടങ്ങട്ടെ

മാര്‍ച്ച്  16, 2014


കുറച്ചു നാളായി ചിന്തിക്കാന്‍ തുടങ്ങിയിട്ട്, എന്തെങ്കിലുമൊക്കെ ഒന്നങ്ങെഴുതിയാലോ? പക്ഷെ എന്തെഴുതാന്‍? കഥ എന്ന രണ്ടക്ഷരം എഴുതാനറിയാമെന്നല്ലാതെ വായനക്കാര്‍ക്ക്  മനസ്സിലാകുന്ന വിധത്തില്‍ ഒരു കഥ എഴുതാനറിയില്ല. "അങ്ങനെ ആ രാജകുമാരന്‍ രാജകുമാരിയെ കല്യാണം കഴിച്ചു സു:ഖമായി കുറേക്കാലം ജീവിച്ചു" എന്ന തരത്തിലും തലത്തിലുമുള്ള കഥ മാത്രം ആസ്വദിക്കാന്‍ കെല്‍പ്പുള്ള എന്‍റെ ധിഷണക്കു മുമ്പില്‍ ഒരു കഥയായി ഒരുങ്ങുവാനും ഒതുങ്ങുവാനും അക്ഷരങ്ങള്‍ എങ്ങിനെ തയ്യാറാവാന്‍? 

പിന്നെയുള്ള വഴി സ്വയം ചെറുതായി പ്രൈമറി സ്കുളിലെ പണ്ടത്തെ കോമ്പോസിഷന്‍ എഴുത്തുകാരനവുക തന്നെ. അപ്പോള്‍ എഴുതാന്‍ വിഷയങ്ങളും കഥാപാത്രങ്ങളും നിരവധി. അഛന്‍,അമ്മ, വീട്, പശു, കുടുംബം, തെങ്ങ് അങ്ങനെ പോകുന്നു ആ നിര. ഒന്ന് മറന്നു. എന്‍റെ ഗ്രാമം. 

എവിടെ,എങ്ങിനെ തുടങ്ങണം എന്നായി അടുത്ത ചോദ്യം. പുരാണങ്ങളെ അല്‍പം ആശ്രയിച്ചാലോ? "ജനനീ ജന്മഭുമിശ്ച സ്വര്‍ഗാദപി ഗരീയസി" എന്ന് രാമായണം. അമ്മയെക്കുറിച്ച് (അച്ഛനെയും) എഴുതാന്‍ തുടങ്ങിയാല്‍ ഉടനെയൊന്നും തീരില്ല. എന്തെന്നാല്‍ കഴിഞ്ഞ അയ്മ്പതില്‍ പരം വര്‍ഷങ്ങളായി എന്‍റെ കനവിലും നിനവിലും നിറഞ്ഞു നില്ക്കുന്ന അവരെക്കുറിച്ച് എഴുതിത്തീരാന്‍ ഇനിയൊരയ്മ്പത് വര്‍ഷമെങ്കിലും വേണമെന്നതു തന്നെ. 

എന്നാല്‍ പിന്നെ എന്‍റെ ഗ്രാമത്തെക്കുറിച്ച്‌ തന്നെ തുടങ്ങിയാലോ? ഒന്നു ശ്രമിക്കട്ടെ.

വിധിക്കപ്പെട്ട കര്‍മപഥങ്ങളുടെ അദൃശ്യമായ ക്രമവിവരപട്ടികയുമായി സ്രഷ്ടാവ് ഭൂമിയിലേക്കയച്ചപ്പോള്‍ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഗ്രാമം. പൂലാനി. ആരാധനാലയങ്ങള്‍,വിദ്യാലയങ്ങള്‍, മദ്യാലയങ്ങള്‍ തുടങ്ങി കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിന്‍റെ എല്ലാ ചേരുവകളും ചേരും പടി ചേര്‍ന്ന ഒരു നാട്ടിന്‍ പുറം. ശുദ്ധജലസ്രോതസ്സിനുള്ള ഗ്രാമങ്ങളുടെ അപേക്ഷ പരിഗണിക്കവെ, പ്രത്യേക ജനസമ്പര്‍ക്ക പരിപാടിക്കിടനല്‍കാതെ, പ്രകൃതി കനിഞ്ഞനുവദിച്ച ഒരു പുഴ യുവത്വത്തിന് ഹരമായും കര്ഷകര്‍ക്ക് വരമായും ഒഴുകുന്നു. 

രണ്ടു ക്ഷേത്രങ്ങളെ വലം വെച്ച് നേടിയ സുകൃതവുമായി ഞങ്ങളുടെ അടുത്തെത്തുമ്പോഴേക്കും കൂടുതല്‍ ഉന്മേഷവതിയാകുമായിരുന്ന ആ പുഴയെ എന്നായിരിക്കാം ഞാന്‍ ആദ്യമായി കണ്ടത്‌? മുതിര്‍ന്നവരുടെ കനത്ത സുരക്ഷാവലയത്തില്‍ തീര്‍ച്ചയായും ഒരു രണ്ടു വയസ്സുകാരന്‍ ആ മണപ്പുറത്ത് നടന്നു കാണും. പക്ഷെ ഇന്ന് ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ അനുഭവങ്ങള്‍ ശേഖരിച്ചു വെക്കാന്‍ മാത്രം ശേഷി അവന്‍റെ ഓര്‍മച്ചെപ്പിനു അന്നുണ്ടായിരുന്നില്ല. 

എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കൊച്ചുണ്ണിമ്മാന്‍. എനിക്ക് തിരിച്ചും. ആ കൊച്ചുണ്ണിമ്മാന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ചില വൈകുന്നേരങ്ങളില്‍ പുഴയിലെത്തിയിരുന്നത് വ്യക്തമായോര്‍ക്കുന്നു. അത്തരം യാത്രകള്‍ക്കു സ്ഥിരതയും കൃത്യതയുമുണ്ടായിരുന്നു, കൊച്ചുണ്ണിമ്മാന്‍ ശബരിമലയ്ക്ക്പോകാന്‍ മാലയിട്ടിരുന്ന സമയങ്ങളില്‍. 

പുഴയിലെത്തിയാല്‍, പക്ഷെ, വെള്ളത്തിലിറങ്ങാന്‍ അനുവാദമില്ല. ഓളക്കുഞ്ഞുങ്ങള്‍ മണല്‍പ്പുറത്തേയ്ക്കു കയറാന്‍ ശ്രമിച്ചു പരാജയപ്പെട്ടു മടങ്ങുന്നിടം വരെ വരാം. അവിടെയിരുന്നാണ് അമ്മാവന്‍ കുളികഴിഞ്ഞു വരുന്നതുവരെയുള്ള സമയം ചിലവഴിച്ചിരുന്നത്. ബാല്യത്തിനു നിത്യാകര്‍ഷകമായിരുന്ന മണല്‍ കൈകൊണ്ടു വകഞ്ഞു മാറ്റുമ്പോള്‍ രൂപപ്പെടുന്ന ചെറിയ കുഴി, അതില്‍ തെളിഞ്ഞു കാണുന്ന വെള്ളം, അതൊരത്ഭുതമായിരുന്നു. കുറച്ചു കഴിയുമ്പോഴേക്കും എനിക്ക് ചുറ്റും പല കുട്ടിക്കിണറുകള്‍ രൂപം കൊണ്ടിരിക്കും. അവസാനം ഈ കിണറുകളുടെ ചുവരുകള്‍ ഒന്നൊന്നായി അടര്‍ത്തിക്കളയുമ്പോള്‍ ഞാന്‍ ഒരു തുരുത്തിന്മേലായിരിക്കും. അതുകണ്ടു പല്ലില്ലാത്ത മോണ കാട്ടിചിരിക്കുന്ന കൊച്ചുണ്ണിമ്മാന്‍റെ ചിതം ഇന്നും മായാതെ നില്ക്കുന്നു, മനസ്സില്‍.

ഇന്ന്‍, ഇവിടടുത്തുള്ള കാലിഫോര്‍ണിയന്‍ കടല്‍ത്തീരത്ത്, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനെത്തുമ്പോള്‍, കുട്ടികളെ അത്ഭുതപ്പെടുത്തി, അവരെക്കാള്‍ മുമ്പെ, അവേരെക്കാള്‍ ചെറുതായി, നനഞ്ഞ മണപ്പുറത്ത് കുഴികള്‍ കുത്തി ലയിച്ചു, രസിക്കുമ്പോള്‍ അവരറിയുന്നില്ല, അച്ഛന്‍ സംവത്സരങ്ങള്‍ക്കു  മുമ്പുള്ള ആ ബാലനായിക്കഴിഞ്ഞെന്ന സത്യം. 
പല്ലില്ലാത്ത മോണ കാട്ടി കൊച്ചുണ്ണിമ്മാന്‍ വിദൂരതയിലെവിടെയോ ഇരുന്നു ചിരിക്കുന്നുണ്ടാകും, അപ്പോള്‍.