Wednesday, November 19, 2014

ചുണ്ണാമ്പ്


നവംബര്‍ 18, 2014

ഒരു ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന അച്ഛനോടൊപ്പം രണ്ടാഴ്ച. ഇത്തവണത്തെ പ്രധാന ആഗമനോദ്ദേശം അതായിരുന്നു. വര്‍ഷാവസാനക്കാലമായതുകൊണ്ട് അവധിപ്പാട്ടയില്‍ നിന്ന് ഊറ്റിയെടുക്കാന്‍ അധികമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് അവധി ഒരാഴ്ച മാത്രം മതിയെന്നും പിന്നത്തെ ആഴ്ച വീട്ടില്‍ ഇരുന്നു ജോലി ചെയ്തു സേവിച്ചുകൊള്ളാമെന്നും മേലാളനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി സമ്മത പത്രവും വാങ്ങിയാണ് ഇങ്ങെത്തിയത്. കാര്‍മേഘം ഒന്ന് മീശ പിരിച്ചാലോ കാറ്റ് അല്പം കയര്‍ത്തു സംസാരിച്ചാലോ ഭയന്നോടുന്ന വിദ്യുച്ഛക്തിയാണ് പൂലാനിയിലെ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് മാനേജര്‍ എന്നു പണ്ടുമുതലേ അറിയാവുന്നതുകൊണ്ട് അവധി സമയത്തും ഇടയ്ക്ക് ജോലി ചെയ്തിരുന്നു.

അങ്ങിനെയുള്ള ഒരു മദ്ധ്യാഹ്നം. പൂമുഖത്തിരുന്നു ഹാര്‍മോണിയപ്പെട്ടിയും തുറന്ന്‍ ( ലാപ്ടോപ്‌ എന്നപേരിലും പ്രസ്തുത പെട്ടി അറിയപ്പെടുന്നു) , അങ്കത്തിലിരുത്തി കരപങ്കജം കൊണ്ടു തലോടിക്കൊണ്ടിരുന്ന സമയം. വാര്‍ദ്ധക്യച്ചിലന്തി വിരിച്ച വലക്കമ്പികള്‍ ഒന്നൊന്നായി പൊട്ടിച്ച്‌ പതുക്കെ നടന്നെത്തിയ അമ്മ എന്‍റെ അടുത്തുവന്നിരുന്നു. പൂര്‍വാശ്രമത്തില്‍ തൂമ്പയും കയ്യില്‍ വച്ച് പറമ്പ് മുഴുവന്‍ കിളച്ചു നടന്നിരുന്ന മകന്‍റെ പുതിയ അവതാരം കൌതുകത്തോടെ നോക്കിക്കണ്ടു. ശ്രോതാവിനെ കിട്ടിയ നേതാവിനെപ്പോലെ ഞാനും വാചാലനായി. കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ തുടങ്ങിയവയെക്കുറിച്ച് ഞാനൊരു പ്രഭാഷണവും നടത്തി. നമുക്കാവശ്യമുള്ള സാധനങ്ങളൊക്കെ കമ്പ്യൂട്ടര്‍ വഴി വാങ്ങാന്‍ സാധിക്കുമെന്നും, അവയൊക്കെ പോസ്റ്റ്‌ ഓഫീസ് വഴിയോ കൊറിയര്‍ വഴിയോ നമ്മുടെ മുന്‍പില്‍ എത്തിച്ചു തരുമെന്നുമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ അമ്മ വിശ്വസിച്ചു. എല്ലാം കേട്ട്, അമ്മ എഴുന്നേറ്റ് പോയി അല്പം അകലെ നിലത്തു ചുമരില്‍ ചാരി ഇരുന്നു. താമ്പാളം അടുത്തേയ്ക്കുചേര്‍ത്തു വച്ചു. വെറ്റില കയ്യിലെടുത്തു. ചുണ്ണാമ്പിന്‍റെ ചെപ്പു തുറന്നു. തീരാറായിരിക്കുന്നു. മെല്ലെ മുഖമുയര്‍ത്തി എന്നെ നോക്കി ചോദിച്ചു.

“നിന്‍റെ കമ്പ്യൂട്ടറീക്കോടെ നിക്കിത്തിരി ചുണ്ണാമ്പ്‌ മേടിച്ചു തരാന്‍ പറ്റ്വോ?”

സഹസ്രാസ്ത്ര ക്ഷതനായി നില്‍ക്കെ മറ്റൊന്നും ഞാന്‍ ഓര്‍ത്തില്ല.

“നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും

തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനും, അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍”