Saturday, April 19, 2014

ലക്കം - 3 - ഓര്‍മ്മയിലേയ്ക്കൊഴുകിമറഞ്ഞ പുഴ

മാര്‍ച്ച് 30, 2014

വൃശ്ചികപ്പുലരികളില്‍ കുളിരും ഗ്രീഷ്മസായാഹ്നങ്ങളില്‍ ഇളം ചൂടും പകര്‍ന്നങ്ങനെ ശാന്തമായൊഴുകുന്ന പുഴ, വര്‍ഷകാലങ്ങളില്‍ രൌദ്രഭാവത്തിലായിരിക്കും. മിഥുന, കര്‍ക്കിടക മാസങ്ങളില്‍ ഉത്ഭവസ്ഥാ നങ്ങളിലും ഇരുകരകളിലും കാര്‍മേഘങ്ങള്‍ മഴ സൂചികള്‍കൊണ്ട്
ഭുമിയുടെ മാറു കുത്തി പിളര്‍ക്കുമ്പോള്‍ രൂപം കൊള്ളുന്ന മണ്ണിന്‍റെ രക്തനീര്‍ച്ചാലുകള്‍ ഒഴുകിയെത്തി യാത്ര അവസാനിപ്പിക്കുന്നത് പുഴയിലായിരിക്കും. അങ്ങിനെ ഉളവാകുന്ന നിറഭേദവും ജലസമൃദ്ധിയും ചേര്‍ന്നു പുഴയെ കൂടുതല്‍ വന്യമാക്കും. അലക്കുകല്ലുകളെയും, മണപ്പുറത്തേയും തന്‍റെ ഗര്‍ഭത്തിലേക്ക് പുനരാവഹിച്ച് വര്‍ദ്ധിത വീര്യയായി അങ്ങിനെ ഒഴുകുമ്പോഴാണ്‌, സമീപ പ്രദേശങ്ങളൊക്കെ ഒന്ന് സന്ദര്‍ശിക്കാന്‍ പുഴ ശ്രമിക്കാറുള്ളത്. 

എന്‍റെ ഓര്‍മ്മയില്‍ ഒരിക്കല്‍ മാത്രമേ പുഴ അതില്‍ വിജയിച്ചിട്ടുള്ളു. ഞാനൊരു മൂന്നാംക്ലാസുകാരനാണ് ആസമയത്ത്. ഞങ്ങളുടെ മുറ്റവും മുമ്പിലുള്ള പാടവുമൊക്കെ വെള്ളത്തിനടിയില്‍. അന്ന് കോവിലകത്തുനിന്നും നടന്നുവന്ന കൊച്ചുണ്ണിമ്മാന്‍, ഞങ്ങളുടെ പറമ്പിലെത്തിയപ്പോള്‍ വെള്ളത്തില്‍ വീണതും തന്‍റെ പ്രിയപ്പെട്ട വാച്ചില്‍ വെള്ളം കയറിയതില്‍ സങ്കടപ്പെട്ടതുമൊക്കെ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കു ന്നു. 

ആകാശം കാര്‍മേഘപ്പുതപ്പ് മെല്ലെ വലിച്ചു മാറ്റാന്‍ തുടങ്ങുമ്പോള്‍ പുഴയിലെ ജലനിരപ്പും താഴാന്‍ തുടങ്ങും. എങ്കിലും മണപ്പുറമൊക്കെ തെളിഞ്ഞുവരാന്‍ പിന്നെയും സമയമെടുക്കും. നീന്തിക്കുളിക്കുവാനും, നീന്തല്‍ പഠിക്കുവാനും പറ്റിയ നാളുകള്‍. ആസമയത്തൊക്കെ യാത്രക്കാരെ അക്കരെയിക്കരെ എത്തിക്കാന്‍ രാഘവന്‍ നായരും കമലാക്ഷിയമ്മയുമൊക്കെ കടത്തുവഞ്ചിയുമായി എത്തുമായിരുന്നു. അവരൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പേ നിത്യതയിലേക്കുള്ള കടത്തു കടന്നു നടന്നു മറഞ്ഞിരിക്കുന്നു. 

പുഴയുടെ പൂര്‍വാശ്രമം ഏറെക്കുറെ ഇവിടെ അവസാനിക്കുകയാണ്. 

നിര്‍മ്മാണാവശ്യത്തിനുള്ള മണല്‍ പുഴകളില്‍ നിന്നും നിര്‍വിഘ്നം ഖനനം ചെയ്തെടുക്കാമെന്ന നില വന്നപ്പോള്‍ കേരളത്തിലെ മറ്റു പുഴകളോടൊപ്പം ഈ പുഴയുടെയും ചരമക്കുറിപ്പ് എഴുതിത്തുടങ്ങുകയായിരുന്നു. ഓളക്കൈകളില്‍ മണല്‍ത്തരികളുമായുള്ള യാത്രക്കിടയില്‍ തൂകിയും,തടഞ്ഞും, തലോടിയും സംവത്സരങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത മണല്‍പ്പുറവും മണല്‍ത്തട്ടുമൊക്കെ ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. കീറി മുറിക്കപ്പെട്ട ഒരു മൃതശരീരത്തിന്‍റെ ആന്തരാവയവങ്ങള്‍ പുറത്തേക്ക് വീണു കിടക്കുന്നതുപോലെ പുതിയ പാറക്കുട്ടങ്ങള്‍ ജലോപരിതലത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജലനിരപ്പ്‌ താഴുന്നതിനൊപ്പം നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞു. ചെളി പുതഞ്ഞ മണലില്‍ ചെടികളും കുറ്റിക്കാടുകളും വളരാന്‍ തുടങ്ങി. കൃമി കീടങ്ങള്‍ കുടികിടപ്പവകാശം പ്രഖ്യാപിച്ചതോടെ കുളികഴിഞ്ഞാല്‍ തോര്‍ത്തുന്നതിനോടോപ്പം ശരീരം ചൊറിയുകകൂടിവേണമെന്ന നിലയിലായി. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്നപോലെ, പുഴക്കരികില്‍ സ്ഥാപിക്കപ്പെട്ട ചില നിര്‍മ്മാണ കമ്പനികള്‍ അവയുടെ മാലിന്യം പുഴയിലേക്ക് തള്ളാന്‍ തുടങ്ങുകയും ചെയ്തതോടെ സു:ഖമായ കുളി എന്നത് വെറുമൊരു സങ്കല്‍പം മാത്രവുമായി. നീര്‍നായ്,ചീങ്കണ്ണി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ക്കു ആവാസ സ്ഥലമാകുകയും ചെയ്തതോടെ പുഴയിലിറങ്ങുന്നതുപോലും ഭീതിദം. 


ഇപ്പോഴും, പൂലാനിയിലെത്തുമ്പോഴൊക്കെ, മിക്കവാറും ദിവസങ്ങളില്‍ പുഴയിലേക്ക് പോകും. ഒരു ശ്മശാന മൂകതായണവിടെ. നമ്മുടെ പ്രിയപ്പെട്ടവരാരെയോ ദഹിപ്പിച്ചിടത്ത് നില്‍ക്കുന്നതു പോലെ. അവിടെ കല്‍പ്പടവുകളില്‍ നിന്ന്, പുഴയെ കുറച്ചുനേരം നോക്കി നിന്ന് മെല്ലെ മടങ്ങും. 

എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനിവാഴ്വു കിനാവ്, കഷ്ടം!

എന്‍റെ ബാല്യ,കൌമാര കാലങ്ങളില്‍ എന്നെ ലാളിച്ച, എന്‍റെ ചിന്തകളെ ഉത്തേജിപ്പിച്ച പുഴ. അതിലൊരിക്കല്‍ കൂടി മുങ്ങി നിവരാന്‍ എനിയ്ക്കോ, എന്‍റെ അനന്തര തലമുറകള്‍ക്കോ സാധിക്കുമോ എന്നറിയില്ല. എങ്കിലും ആ ഓര്‍മ്മകള്‍, ഓര്‍മ്മകളില്‍ തെളിയുന്ന കടവുകള്‍, ഒരു തോര്‍ത്തുമുണ്ടും സോപ്പുമായി ചെന്ന് ആ കടവുകളിലെങ്കിലും ഞാന്‍ ഇടയ്ക്കൊന്നു നീന്തിത്തുടിച്ച് മുങ്ങി നിവരട്ടെ.

No comments:

Post a Comment