Sunday, May 4, 2014

ലക്കം - 6 - ഒന്നാം ക്ലാസ്സില്‍

മെയ്‌ 6, 2014

അക്കാലത്ത് പൂലാനിയില്‍ രണ്ട് സ്കൂളുകളാണ് ഉണ്ടായിരുന്നത്. ഒരു യു.പി. സ്കൂളും ഒരു എല്‍.പി. സ്കൂളും. യു.പി സ്കൂള്‍ കിഴക്കേ സ്കൂള്‍ എന്നും എല്‍.പി പടിഞ്ഞാറെ സ്കൂള്‍ എന്നും അറിയപ്പെട്ടിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്നും അര കിലോമീറ്ററില്‍ താഴെ ദൂരമേ ഉണ്ടായിരുന്നുള്ളൂ, പടിഞ്ഞാറെ സ്കൂളിലേക്ക്. കോവിലകത്തിനു മുന്‍പിലുള്ള റോഡ്‌ കടന്നു വേണം സ്കൂളിലെത്താന്‍. അന്ന് ഞങ്ങളുടെ വീടിനും കോവിലകത്തിനുമിടയ്ക്ക് ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു. തോപ്പിക്കാരുടെ വീട് എന്നറിയപ്പെടുന്ന തോപ്പില്‍ രാമന്‍ നായരുടെ വീട്. ആ വീടിന്‍റെ അടുത്തായി കോവിലകത്തിനു പിന്‍ഭാഗത്ത് വഴിയില്‍ ഒരു പടിപ്പുര ഉണ്ടായിരുന്നു. ആ പടിപ്പുരയില്‍ക്കൂടിയോ അതിനു തെക്കു വശത്തോടു ചേര്‍ന്നുള്ള ഇടുങ്ങിയ വഴിയില്‍ ക്കൂടിയോ വേണമായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍. അതുകൊണ്ടുതന്നെ ഒരു സൈക്കിള്‍ ചവിട്ടിയുള്ള യാത്ര പോലും ആ വഴിയില്‍ ദുഷ്കരമായിരുന്നു.

വഴിയില്‍ മെയിന്‍ റോഡിനോടു ചേര്‍ന്ന് ബസ്‌ സ്റ്റോപ്പിനടുത്ത് മരം കൊണ്ടു തീര്‍ത്ത പടിവാതിലുകള്‍ ഉണ്ടായിരുന്നു. വാതിലിന്‍റെ വടക്കു ഭാഗത്ത് നാല്‍ക്കാലികളുടെ പ്രവേശനത്തെ തടഞ്ഞും ഇരുകാലികള്‍ക്ക്‌ അത് സുഗമമാക്കിയുമുള്ള ഒരു സംവിധാനവുമുണ്ടായിരുന്നു. അമ്മയുടെ കല്യാണ സമയത്ത് വിശിഷ്ട അതിഥികളെ കൊണ്ടുവന്ന നിരവധി കാളവണ്ടികള്‍ ആ വഴിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിരന്നു കിടന്നിരുന്നതായും കലാമണ്ഡലം കൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ ഗംഭീര കഥകളി ഉണ്ടായിരുന്നതായും  കേട്ടിട്ടുണ്ട്. ഇരുന്നു വിരുന്നു വിളിക്കാന്‍ കാക്കകള്‍ കദളിവാഴക്കയ്യുകള്‍ അന്വേഷിച്ചു പറന്നിരുന്ന കാലമായിരുന്നല്ലോ അത്. കാറുകള്‍ കാളവണ്ടികളുടെ സ്ഥാനം കയ്യടക്കിയപ്പോള്‍ കാക്കകള്‍ ഡിഷ്‌ ആന്റിനകളിലേക്ക് ചേക്കേറിയത്‌ പില്‍ക്കാല സത്യം.

റോഡു കടന്നു, ചരല്‍ തൂവിക്കിടക്കുന്ന വഴിയിലൂടെ അല്‍പം നടന്നാല്‍, ഇടത്തോട്ടു തിരിയുന്ന വളവില്‍ കാവുമ്മാനും കുടുംബവും താമസിക്കുന്ന മഠം. അല്‍പം കൂടി മുന്‍പോട്ടു പോയി വലത്തേക്കുള്ള ഒരു വളവുകൂടി ത്തിരിഞ്ഞാല്‍ സ്കൂള്‍ ആയി. കുറച്ചുകൂടി മുന്‍പോട്ട് നടന്നാല്‍, വഴി ടാറിട്ട മെയിന്‍ റോഡില്‍ അവസാനിക്കുന്നു. റോട്ടില്‍ കൂടി കുറച്ചുകൂടി നടന്നുപോയാല്‍ അച്ഛനും അമ്മയും ജോലി ചെയ്യുന്ന യു.പി. സ്കൂള്‍ അഥവാ കിഴക്കേ സ്കൂള്‍.

ഞങ്ങളെ സംബന്ധിച്ചിടത്തോളം കിഴക്ക് ഭാഗത്തായിരുന്നുവെങ്കിലും, പശ്ചിമഘട്ടത്തിന്‍റെ പേരിനെഅനുസ്മരിപ്പിച്ചാണ് പടിഞ്ഞാറെ സ്കൂള്‍ അറിയപ്പെട്ടിരുന്നത്.

ദീര്‍ഘ ചതുരാകൃതിയിലുള്ള വളരെ ചെറിയൊരു മുറ്റം. മുറ്റത്തിന്‍റെ വടക്കു ഭാഗം വഴിയോടു ചേര്‍ന്ന്‍. മറ്റു മൂന്നു ഭാഗത്തും വീതി കുറഞ്ഞ ഇറയം. ഇറയത്തോടു ചേര്‍ന്ന് ക്ലാസ് മുറികള്‍. ബാലന്‍ മാഷ്‌ടെ ഒന്നാം ക്ലാസ്, മാത്തേലി മാഷ്‌ടെ മൂന്നാം ക്ലാസ്, കുമാരിട്ടീച്ചറുടെ ഒന്നാംക്ലാസ്, അമ്മിണി ട്ടീച്ചറുടെ രണ്ടാം ക്ലാസ്, ത്രേസ്യ ട്ടീച്ചറുടെ രണ്ടാം ക്ലാസ്, ഗോവിന്ദന്‍ മാഷ്‌ടെ നാലാം ക്ലാസ്, ഓപ്പമ്മാന്‍റെ മൂന്നാം ക്ലാസ്, പിന്നെ കുമാരന്‍ മാഷ്‌ടെ നാലാം ക്ലാസ് ഈ ക്രമത്തിലായിരുന്നു ക്ലാസ് മുറികള്‍. പനമ്പുകൊണ്ടു നിര്‍മ്മിച്ച തട്ടികകളാണ് ക്ലാസുകളുടെ അതിര്‍ത്തികള്‍ തിരിച്ചിരുന്നത്.

ഔദ്യോഗികമായി ശാരദട്ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന കുമാരിട്ടീച്ചര്‍ ആയിരുന്നു ഒന്നാം ക്ലാസ്സിലെ എന്‍റെ അദ്ധ്യാപിക. ഹരിശ്രീ എന്നു എന്‍റെ കൈപിടിച്ചു എഴുതിച്ചത് അച്ഛനാണെങ്കില്‍, അമ്മ എന്ന വാക്കു പറഞ്ഞു തന്നത് അമ്മയാണെങ്കില്‍, അമ്മ എന്ന് എന്നെ എഴുതാന്‍ പഠിപ്പിച്ച്ത് കുമാരിട്ടീച്ചറാണ്. സ്ലേറ്റും പെന്‍സിലുമായിരുന്നു അന്നത്തെ ഒന്നാം ക്ലാസ്സുകാരുടെ എഴുത്തുപകരണങ്ങള്‍. അക്ഷരങ്ങള്‍ എഴുതിയിരുന്നു എന്ന് പറയുന്നതിനേക്കാള്‍ വരച്ചിരുന്നു എന്ന് പറയുന്നതായിരിക്കും ഉചിതം.

അക്ഷരങ്ങളോടൊപ്പം ചില ക്രയവിക്രയ ശീലങ്ങളും ഞാന്‍ പഠിച്ചുതുടങ്ങിയിരുന്നു.
ഞങ്ങളുടെ പറമ്പിന് അതിരിട്ട് പുഴയിലേക്കുള്ള വഴിയോടു ചേര്‍ന്ന് ഒരു മുള്‍വേലി ഉണ്ടായിരുന്നു. വേലിയില്‍ അവിടവിടെയായി കള്ളിച്ചെടികള്‍ അഥവാ ചതുരക്കള്ളികളും ഉണ്ടായിരുന്നു. അവയെ മുറിച്ചെടുത്ത്, മുള്ള് നീക്കി, "നേന്ത്രക്കായ് നാലുകീറി പുനരതു ചതുരാകാര ഖണ്ഡം നുറുക്കി" എന്ന മട്ടില്‍ , മുതിരന്ന ക്ലാസ്സുകളിലെ ചേട്ടന്മാര്‍ കഷണങ്ങളാക്കിയെടുക്കും.
സ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാതാകുമ്പോള്‍, ചേട്ടന്മാരുടെ കയ്യിലെ ജലാംശം നിറഞ്ഞ ചതുരക്കള്ളിക്കഷണങ്ങള്‍ക്കു താര പരിവേഷം കൈവരും. ഒരു പെന്‍സിലോ പെന്‍സിലിന്‍റെ പകുതിയോ കൊടുത്താല്‍ ചേട്ടന്മാര്‍ ഒരു കഷണം തരും. പലതവണ ഉപയോഗിച്ചു ജലാംശം നഷ്ടപ്പെട്ട് ദൈന്യഭാവത്തിലായ കള്ളിക്കഷണങ്ങള്‍ ക്ലാസ്സിലും പരിസരത്തും ചിതറിക്കിടക്കുന്നതു പതിവ് കാഴ്ചയായിരുന്നു. അവയ്ക്ക് ഒരു പ്രത്യേക ഗന്ധവുമുണ്ടായിരുന്നു.

സ്ലേറ്റില്‍ മാത്രമല്ല , ജീവിതത്തിലും നിരവധി തെറ്റുകളും വീഴ്ചകളും സംഭവിക്കാമെന്നും അവയെല്ലാം തിരുത്തി മുന്നോട്ടു പോകാമെന്നുമുള്ള പാഠം പഠിപ്പിക്കുകകൂടിയായിരുന്നു, വാസ്തവത്തില്‍ ആ ചതുരക്കള്ളിക്കഷണങ്ങള്‍.

ആദ്യത്തെ രണ്ടു പിരീഡ് കഴിഞ്ഞാല്‍ പ്രാഥമികകാര്യങ്ങള്‍ക്കായുള്ള ഒരു ചെറിയ ഇടവേള. സ്ലേറ്റുമായുള്ള സംവാദത്തില്‍ നഷ്ടപ്പെട്ട പെന്‍സിലിന്‍റെ മുന വീണ്ടെടുക്കുക എന്നൊരു കൊച്ചു ജോലികൂടി ആ ഇടവേളയില്‍ ചെയ്യുവാനുണ്ടായിരുന്നു. ഇറയത്ത്‌ വരിവരിയായിരുന്ന്‍, നിലത്തുരച്ച് പെന്‍സിലിന്‍റെ മുന കൂര്‍പ്പിച്ചെടുക്കുന്നത് ഒരു മത്സരവും ഒപ്പം ആഹ്ലാദകരവുമായിരുന്നു. അതിനിടയില്‍, ഓടിക്കളിക്കുന്ന ചിലര്‍, അറിയാതെ കയ്യില്‍ ചവിട്ടുകയും പെന്‍സില്‍ ഒടിയുകയും ചെയ്യുമ്പോള്‍ സങ്കടപ്പെട്ട് കരഞ്ഞിരുന്നതുമൊക്കെ വളരെ വ്യക്തമായിത്തന്നെ ഇന്നും ഓര്‍മയില്‍ തെളിയുന്നു.

ഞങ്ങളുടെ ക്ലാസിന്‍റെ പുറകില്‍ ചുമരിനോടു ചേര്‍ത്തുകെട്ടിയ ഓല മേഞ്ഞ ഒരു ചെറിയ പുര ഉണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള സൌജന്യ ഉച്ചഭക്ഷണം തയാറാക്കിയിരുന്നത് അവിടെയായിരുന്നു. ഏതാണ്ടൊരു പന്ത്രണ്ടു മണിയാകുമ്പോള്‍, അവിടെ നിന്നും ഉയരുന്ന ഗന്ധം ക്ലാസിലേക്ക് ഒഴുകി പടരാന്‍ തുടങ്ങും. ഒപ്പം വിശപ്പ് വയറ്റിലേക്കും. തുടര്‍ന്നു ഒരുമണിക്കുള്ള മണിയടിക്കുവേണ്ടിയുള്ള കാത്തിരുപ്പാണ്. 

ആ ശീലം ഇന്നും തുടരുന്നു. ഇന്നും ഉച്ചഭക്ഷണത്തിനു തൊട്ടുമുന്‍പുള്ള മീറ്റിങ്ങുകളിലും ചര്‍ച്ചകളിലും എന്‍റെ പ്രത്യക്ഷസാനിദ്ധ്യമുണ്ടാകുമെങ്കിലും, മനസ്സ് ഭക്ഷണപ്പാത്രവും തേടി അലയുകയായിരിക്കും.













1 comment:

  1. your command over the language is excellent. feel jealous of you. keep it up.

    ReplyDelete