Saturday, April 19, 2014

ലക്കം - 1 - ഒന്നെഴുതിത്തുടങ്ങട്ടെ

മാര്‍ച്ച്  16, 2014


കുറച്ചു നാളായി ചിന്തിക്കാന്‍ തുടങ്ങിയിട്ട്, എന്തെങ്കിലുമൊക്കെ ഒന്നങ്ങെഴുതിയാലോ? പക്ഷെ എന്തെഴുതാന്‍? കഥ എന്ന രണ്ടക്ഷരം എഴുതാനറിയാമെന്നല്ലാതെ വായനക്കാര്‍ക്ക്  മനസ്സിലാകുന്ന വിധത്തില്‍ ഒരു കഥ എഴുതാനറിയില്ല. "അങ്ങനെ ആ രാജകുമാരന്‍ രാജകുമാരിയെ കല്യാണം കഴിച്ചു സു:ഖമായി കുറേക്കാലം ജീവിച്ചു" എന്ന തരത്തിലും തലത്തിലുമുള്ള കഥ മാത്രം ആസ്വദിക്കാന്‍ കെല്‍പ്പുള്ള എന്‍റെ ധിഷണക്കു മുമ്പില്‍ ഒരു കഥയായി ഒരുങ്ങുവാനും ഒതുങ്ങുവാനും അക്ഷരങ്ങള്‍ എങ്ങിനെ തയ്യാറാവാന്‍? 

പിന്നെയുള്ള വഴി സ്വയം ചെറുതായി പ്രൈമറി സ്കുളിലെ പണ്ടത്തെ കോമ്പോസിഷന്‍ എഴുത്തുകാരനവുക തന്നെ. അപ്പോള്‍ എഴുതാന്‍ വിഷയങ്ങളും കഥാപാത്രങ്ങളും നിരവധി. അഛന്‍,അമ്മ, വീട്, പശു, കുടുംബം, തെങ്ങ് അങ്ങനെ പോകുന്നു ആ നിര. ഒന്ന് മറന്നു. എന്‍റെ ഗ്രാമം. 

എവിടെ,എങ്ങിനെ തുടങ്ങണം എന്നായി അടുത്ത ചോദ്യം. പുരാണങ്ങളെ അല്‍പം ആശ്രയിച്ചാലോ? "ജനനീ ജന്മഭുമിശ്ച സ്വര്‍ഗാദപി ഗരീയസി" എന്ന് രാമായണം. അമ്മയെക്കുറിച്ച് (അച്ഛനെയും) എഴുതാന്‍ തുടങ്ങിയാല്‍ ഉടനെയൊന്നും തീരില്ല. എന്തെന്നാല്‍ കഴിഞ്ഞ അയ്മ്പതില്‍ പരം വര്‍ഷങ്ങളായി എന്‍റെ കനവിലും നിനവിലും നിറഞ്ഞു നില്ക്കുന്ന അവരെക്കുറിച്ച് എഴുതിത്തീരാന്‍ ഇനിയൊരയ്മ്പത് വര്‍ഷമെങ്കിലും വേണമെന്നതു തന്നെ. 

എന്നാല്‍ പിന്നെ എന്‍റെ ഗ്രാമത്തെക്കുറിച്ച്‌ തന്നെ തുടങ്ങിയാലോ? ഒന്നു ശ്രമിക്കട്ടെ.

വിധിക്കപ്പെട്ട കര്‍മപഥങ്ങളുടെ അദൃശ്യമായ ക്രമവിവരപട്ടികയുമായി സ്രഷ്ടാവ് ഭൂമിയിലേക്കയച്ചപ്പോള്‍ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഗ്രാമം. പൂലാനി. ആരാധനാലയങ്ങള്‍,വിദ്യാലയങ്ങള്‍, മദ്യാലയങ്ങള്‍ തുടങ്ങി കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിന്‍റെ എല്ലാ ചേരുവകളും ചേരും പടി ചേര്‍ന്ന ഒരു നാട്ടിന്‍ പുറം. ശുദ്ധജലസ്രോതസ്സിനുള്ള ഗ്രാമങ്ങളുടെ അപേക്ഷ പരിഗണിക്കവെ, പ്രത്യേക ജനസമ്പര്‍ക്ക പരിപാടിക്കിടനല്‍കാതെ, പ്രകൃതി കനിഞ്ഞനുവദിച്ച ഒരു പുഴ യുവത്വത്തിന് ഹരമായും കര്ഷകര്‍ക്ക് വരമായും ഒഴുകുന്നു. 

രണ്ടു ക്ഷേത്രങ്ങളെ വലം വെച്ച് നേടിയ സുകൃതവുമായി ഞങ്ങളുടെ അടുത്തെത്തുമ്പോഴേക്കും കൂടുതല്‍ ഉന്മേഷവതിയാകുമായിരുന്ന ആ പുഴയെ എന്നായിരിക്കാം ഞാന്‍ ആദ്യമായി കണ്ടത്‌? മുതിര്‍ന്നവരുടെ കനത്ത സുരക്ഷാവലയത്തില്‍ തീര്‍ച്ചയായും ഒരു രണ്ടു വയസ്സുകാരന്‍ ആ മണപ്പുറത്ത് നടന്നു കാണും. പക്ഷെ ഇന്ന് ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ അനുഭവങ്ങള്‍ ശേഖരിച്ചു വെക്കാന്‍ മാത്രം ശേഷി അവന്‍റെ ഓര്‍മച്ചെപ്പിനു അന്നുണ്ടായിരുന്നില്ല. 

എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കൊച്ചുണ്ണിമ്മാന്‍. എനിക്ക് തിരിച്ചും. ആ കൊച്ചുണ്ണിമ്മാന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ചില വൈകുന്നേരങ്ങളില്‍ പുഴയിലെത്തിയിരുന്നത് വ്യക്തമായോര്‍ക്കുന്നു. അത്തരം യാത്രകള്‍ക്കു സ്ഥിരതയും കൃത്യതയുമുണ്ടായിരുന്നു, കൊച്ചുണ്ണിമ്മാന്‍ ശബരിമലയ്ക്ക്പോകാന്‍ മാലയിട്ടിരുന്ന സമയങ്ങളില്‍. 

പുഴയിലെത്തിയാല്‍, പക്ഷെ, വെള്ളത്തിലിറങ്ങാന്‍ അനുവാദമില്ല. ഓളക്കുഞ്ഞുങ്ങള്‍ മണല്‍പ്പുറത്തേയ്ക്കു കയറാന്‍ ശ്രമിച്ചു പരാജയപ്പെട്ടു മടങ്ങുന്നിടം വരെ വരാം. അവിടെയിരുന്നാണ് അമ്മാവന്‍ കുളികഴിഞ്ഞു വരുന്നതുവരെയുള്ള സമയം ചിലവഴിച്ചിരുന്നത്. ബാല്യത്തിനു നിത്യാകര്‍ഷകമായിരുന്ന മണല്‍ കൈകൊണ്ടു വകഞ്ഞു മാറ്റുമ്പോള്‍ രൂപപ്പെടുന്ന ചെറിയ കുഴി, അതില്‍ തെളിഞ്ഞു കാണുന്ന വെള്ളം, അതൊരത്ഭുതമായിരുന്നു. കുറച്ചു കഴിയുമ്പോഴേക്കും എനിക്ക് ചുറ്റും പല കുട്ടിക്കിണറുകള്‍ രൂപം കൊണ്ടിരിക്കും. അവസാനം ഈ കിണറുകളുടെ ചുവരുകള്‍ ഒന്നൊന്നായി അടര്‍ത്തിക്കളയുമ്പോള്‍ ഞാന്‍ ഒരു തുരുത്തിന്മേലായിരിക്കും. അതുകണ്ടു പല്ലില്ലാത്ത മോണ കാട്ടിചിരിക്കുന്ന കൊച്ചുണ്ണിമ്മാന്‍റെ ചിതം ഇന്നും മായാതെ നില്ക്കുന്നു, മനസ്സില്‍.

ഇന്ന്‍, ഇവിടടുത്തുള്ള കാലിഫോര്‍ണിയന്‍ കടല്‍ത്തീരത്ത്, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനെത്തുമ്പോള്‍, കുട്ടികളെ അത്ഭുതപ്പെടുത്തി, അവരെക്കാള്‍ മുമ്പെ, അവേരെക്കാള്‍ ചെറുതായി, നനഞ്ഞ മണപ്പുറത്ത് കുഴികള്‍ കുത്തി ലയിച്ചു, രസിക്കുമ്പോള്‍ അവരറിയുന്നില്ല, അച്ഛന്‍ സംവത്സരങ്ങള്‍ക്കു  മുമ്പുള്ള ആ ബാലനായിക്കഴിഞ്ഞെന്ന സത്യം. 
പല്ലില്ലാത്ത മോണ കാട്ടി കൊച്ചുണ്ണിമ്മാന്‍ വിദൂരതയിലെവിടെയോ ഇരുന്നു ചിരിക്കുന്നുണ്ടാകും, അപ്പോള്‍. 

2 comments:

  1. വായനക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ തന്നെയാണ്‌ എഴുത്ത് .തുടരുക

    ദീപേഷ് പട്ടത്ത്

    ReplyDelete