Sunday, May 18, 2014

ലക്കം 7 - സ്കൂള്‍ ജീവിതം തുടരുന്നു


മെയ് 18, 2014
വൈകുന്നേരം  സ്കൂള്‍ വിട്ടുമടങ്ങുമ്പോള്‍, കോവിലകത്തിന്‍റെ കിഴക്കേ പൂമുഖത്ത് തിണ്ണയില്‍ മിക്കവാറും ദിവസങ്ങളില്‍ കൊച്ചുണ്ണിമ്മാന്‍ ഇരിക്കുന്നുണ്ടാകും, എന്നെയും കാത്ത്. എന്‍റെ കയ്യില്‍നിന്നും ബാഗും കുടയുമൊക്കെ വാങ്ങി, എന്‍റെ കൂടെ വീട്ടിലേക്ക് വരും. വീട്ടില്‍ പൂമുഖത്തിരുന്നു ഞാന്‍ ഗൃഹപാഠം ചെയ്യുമ്പോള്‍ എന്‍റെ അടുത്തുണ്ടാകും. കുറച്ചു നേരത്തെ വര്‍ത്തമാനവുമൊക്കെ കഴിഞ്ഞ് സന്ധ്യയാകുമ്പോഴേക്കും  കൊച്ചുണ്ണിമ്മാന്‍ കോവിലകത്തേക്കു മടങ്ങും.

ഞങ്ങളുടെ പൂമുഖത്തിന് ഇന്നത്തെപ്പോലെ അത്ര ചൂടുണ്ടായിരുന്നില്ല, അന്ന്. പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങിയിരുന്ന പൂമുഖത്തിന്‍റെ ഓലമേഞ്ഞ മേല്‍ക്കൂര, മുളകൊണ്ടുണ്ടാക്കിയ തൂണുകള്‍, ചുമരിനു പകരമായി മുള പിളര്‍ത്തിയുണ്ടാക്കിയ വാരികള്‍ ഇവയൊക്കെ  വായുസഞ്ചാരം സുഗമമാക്കിയിരുന്നു.
രാവിലെ ഓലകള്‍ക്കിടയിലൂടെ, പൂമുഖത്തെ വിശേഷങ്ങളറിയുവാന്‍ സൂര്യകിരണങ്ങളെത്തുമ്പോള്‍, അച്ഛന്‍റെ നെടുവീര്‍പ്പുകള്‍

"പാരം ദ്രവിക്കും പഴയോലകള്‍ക്കെഴും
ദ്വാരത്തിലൂടെ വെയിലാപതിക്കയാല്‍
സ്വൈരം നിലത്തങ്ങു രസിപ്പതുണ്ടതി-
ക്രൂരങ്ങള്‍ ദാരിദ്ര്യ പിശാച ദൃഷ്ടികള്‍"
എന്ന ശ്ലോകത്തിലൂടെ പുറത്തുവന്നിരുന്നു.  എന്നെങ്കിലുമൊക്കെ ഇതൊന്നു ശരിയാക്കിയെടുക്കുവാന്‍ സാധിക്കുമോ എന്ന ഉല്‍ക്കണ്‍ഠ.

ഓലയും മഴയും തമ്മിലുള്ള രഹസ്യ ബന്ധം വര്‍ഷകാലങ്ങളിലാണ് സ്വാഭാവികമായും പുറത്തു വന്നിരുന്നത്. തന്‍റെ മേല്‍ വീഴുന്ന നീര്‍ത്തുള്ളികള്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങുമ്പോള്‍, തന്‍റെ ദ്വാരങ്ങളിലൂടെ അവയെ കൂടുതല്‍ സുരക്ഷിതരായി പൂമുഖത്തെത്തിക്കുമായിരുന്നു, ഓലകള്‍. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവയുടെ കള്ളക്കളികളില്‍ നിന്നു ഞങ്ങള്‍ മോചിതരായത്.

പുല്ലട. പില്‍ക്കാലത്തെങ്ങോ കഴിച്ച ഒരു പലഹാരം. എന്നാല്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വ്യതസ്ത രൂപത്തിലും ഭാവത്തിലും പുല്ലട കയ്യില്‍ ഉണ്ടാകുമായിരുന്നു. ചട്ട അടര്‍ന്നുപോയ സ്ലേറ്റ്‌. അതായിരുന്നു പുല്ലട. അത് തന്നെ മൂല അടര്‍ന്നത്‌, നെടുകെ പിളര്‍ന്നത്, ചിലപ്പോള്‍ ലോക ഭൂപടത്തിന്‍റെ രൂപത്തില്‍. അങ്ങനെ പലതരം. പെന്‍സില്‍ കയ്യിലില്ലാതെ വരുന്ന ചില സന്ദര്‍ഭങ്ങളില്‍ സ്ലേറ്റിന്‍റെ കൊച്ചു കഷണങ്ങള്‍ പെന്‍സിലിന്‍റെ ചുമതലകള്‍ നിറവേറ്റുമായിരുന്നു.

സ്കൂളിന്‍റെ അടുത്തൊരു ബസ് സ്റ്റോപ്പ്‌ ഉണ്ട്. ഇന്നത്‌ നായരങ്ങാടി എന്നറിയപ്പെടുന്നു. അക്കാലത്ത് അവിടെ ഒരു കൊച്ചു കെട്ടിടം  മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൂണ്ടാണി മാധവന്‍ നായര്‍ നടത്തിയിരുന്ന ഒരു ചായക്കടയും അതിനോട് ചേര്‍ന്ന് അദ്ദേഹം തന്നെ നടത്തിയിരുന്ന ഒരു കൊച്ചു പച്ചക്കറി-പലവ്യഞ്ജന ക്കടയും. അവിടെ നിന്നാണ് ഞാന്‍ വല്ലപ്പോഴുമൊക്കെ  പെന്‍സില്‍ വാങ്ങിയിരുന്നത്. എന്‍റെ ജീവിതത്തിലെ ഷോപ്പിംഗ്‌ തുടങ്ങിയതും അവിടെയാണ്. അന്നൊക്കെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നത് ആ കടയില്‍ ഒരു മുറത്തില്‍ ഉണങ്ങാനും വില്‍ക്കാനുമായി വച്ചിരുന്ന മത്സ്യങ്ങളാണ്. അതുവരെ പുഴയില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങളെ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. മനുഷ്യന്‍ മത്സ്യത്തെ മാത്രമല്ല മറ്റു ജന്തുക്കളെയും കൊന്നു തിന്നുമെന്നുള്ളത് എനിക്ക് പുതിയൊരറിവായിരുന്നു. ആ ഒരു വസ്തുതയുമായി ഇന്നും എനിക്കു പൊരുത്തപ്പെടുവാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്നും ഞങ്ങള്‍ സകുടുംബം സസ്യാഹാരികളായി ത്തുടരുന്നു.

ഞങ്ങളുടെ കുടുംബത്തിലും മറ്റെവിടെയും പോലെ അസുഖങ്ങള്‍ നിത്യ സന്ദര്‍ശകരായിരുന്നു. ഒരു പക്ഷെ എന്നോടായിരുന്നു അവയ്ക്കു ഏറെ ഇഷ്ടവും. അസുഖങ്ങള്‍ വന്നാല്‍ അമ്മ പ്രധാനമായും രണ്ടു പേരെയാണ് ആശ്രയിച്ചിരുന്നത്. അതില്‍ പ്രഥമസ്ഥാനീയന്‍ സാക്ഷാല്‍ ഗുരുവായൂരപ്പന്‍. മേല്പുത്തൂരു പോലും "അജ്ഞാത്വാ തേ മഹത്വം" എന്ന് വിശേഷിപ്പിച്ചു സായൂജ്യമടഞ്ഞ ആ കാരുണ്യ സിന്ധുവിനെ വിവരിക്കാന്‍ ഞാന്‍ തീര്‍ത്തും അശക്തന്‍.  അടുത്ത സ്ഥാനത്ത്, ജോര്‍ജ് ഡോക്ടര്‍ എന്ന് പൊതുവെ ചാലക്കുടിയില്‍ അറിയപ്പെട്ടിരുന്ന  ഡോ. എം. കെ. ജോര്‍ജ്. ആശുപത്രിറോഡില്‍ അദ്ദേഹത്തിനു ഒരു ക്ലിനിക്‌ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകാരായി മുറിവൊക്കെ വച്ചുകെട്ടാന്‍ ഒരു കുഞ്ഞുവറീതും ഫാര്‍മസിയില്‍ മരുന്നെടുത്തുകൊടുക്കാന്‍ ഒരു ചോതിയും. ഗേറ്റ് കടന്നു ക്ലിനിക്കില്‍ എത്തുമ്പോഴേക്കും അവിടെ നിര്‍മ്മിച്ചെടുക്കുന്ന മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധം നമ്മുടെ ഉള്ളില്‍ ചെന്നിരിക്കും. അസ്ഥികളെ വരെ കുടഞ്ഞുലയ്ക്കുന്ന ഒരുതരം കയ്പാണവയ്ക്ക്. ചുമന്ന നിറത്തിലുള്ള മരുന്നെന്ന പേരുള്ള ആ ദ്രാവകം, ഒപ്പം അതിനെക്കാള്‍ കയ്പുള്ള ഒരു പൊടി, തേനില്‍ ചാലിച്ചു കഴിക്കുവാന്‍. നിസ്സാര വിലയേ ഉള്ളൂ ആ മരുന്നുകള്‍ക്ക്. അതുകൊണ്ടുതന്നെ ധാരാളം രോഗികള്‍ അവിടെ വരുമായിരുന്നു. സത്യം പറയട്ടെ, ആ മരുന്നുകള്‍ വളരെ ഫലപ്രദവുമായിരുന്നു. ശര്‍ക്കരയോ പഞ്ചസാരയോ മുന്‍പും പിന്‍പും ഉണ്ടെങ്കിലെ അവയെ കഴിക്കുവാനും പറ്റിയിരുന്നുള്ളൂ. അമ്മയും അമ്മയെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന പത്മു അമ്മയും എന്‍റെ പിന്നാലെ എത്രയോ പാഞ്ഞിരിക്കുന്നു, ആ മരുന്നൊന്നു കുടിപ്പിക്കുവാന്‍. അവസാനം ഓടിച്ചിട്ടു പിടിച്ച്, മടിയില്‍ ബലമായി പിടിച്ചു കിടത്തി താക്കോലോ സ്പൂണോ മറ്റോ വായിലിട്ടു ആ മരുന്ന് ബലമായി ഒഴിക്കുമ്പോള്‍, ഇല്ല ഞാന്‍ കൂടുതല്‍ പറയുന്നില്ല, ആ കയ്പ് ഇപ്പോഴും തികട്ടി വരുന്നത് പോലെ.

ഇന്നിവിടെ, കുട്ടികള്‍ക്കു വല്ലപ്പോഴും അസുഖം വരുമ്പോള്‍ വാങ്ങിക്കൊണ്ടുവരുന്ന മരുന്ന്, താരതമ്യം ചെയ്‌താല്‍ പഞ്ചാമൃത തുല്യമായ സിറപ്പ്, ഒന്നോ രണ്ടോ തുള്ളി ഞാന്‍ എന്‍റെ നാക്കിനും പകര്‍ന്നു കൊടുക്കുന്നു, പണ്ടു ഞാന്‍ അതിനോടു ചെയ്ത പാപത്തിനുള്ള പ്രായശ്ചിത്ത മെന്നോണം.










No comments:

Post a Comment