Thursday, April 2, 2015

സ്വയംകൃതാനര്‍ത്ഥങ്ങള്‍

ഉപേക്ഷിതങ്ങള്‍
സമര്‍പ്പണം

നിരാലംബ വാര്‍ദ്ധക്യത്തിന്‍റെ നീര്‍ച്ചുഴിയിലെയ്ക്കെറിയപ്പെട്ട മാതാപിതാക്കള്‍ക്കും, തങ്ങളെക്കാത്തും ഒരു വാര്‍ദ്ധക്യം മുന്‍പില്‍ നില്‍ക്കുന്നുവെന്ന് തിരിച്ചറിയാത്ത മക്കള്‍ക്കും.


വില്‍ക്കാനില്ലൊരു വസ്തു, മക്കളഖിലം ഭാഗിച്ചെടുത്തങ്ങുപോയ്‌
കാല്‍ക്കാശിന്നൊരു മാര്‍ഗ്ഗമില്ല,യിടറും നെഞ്ചാണു കൂട്ടുള്ളതും
തോല്‍ക്കാനില്ല മൃതിക്കുമുമ്പി,ലിരുളും പാരം കനക്കുന്നു വ-
യ്യേല്‍ക്കാനംബെ, വസുന്ധരേ മടിയിലിന്നല്‍പം ശയിച്ചോട്ടെ ഞാന്‍!

നക്ഷത്രങ്ങളിറങ്ങി വന്നു മിഴിനീരൊപ്പുന്നു, തേങ്ങുന്നു, തന്‍
വക്ഷസ്സോടു പുണര്‍ന്നു മന്ദപവനന്‍ മായ്ക്കുന്നു ഘര്‍മ്മാ തപം
വൃക്ഷക്കൊമ്പിലിരുന്നു പക്ഷി പതിയെപ്പാടുന്നു ശോകാര്‍ദ്രമായ്
അക്ഷിപ്പൊയ്കയിലെത്തുവാന്‍ വിമുഖരായ് നിദ്രാരയന്നങ്ങളും!

നീറിക്കത്തിയെരിഞ്ഞിടുന്നൊരുലയാണിന്നെന്‍ മനം, ദൈന്യമായ്
പാറിത്തെന്നി വരുന്നു ചിത്രശലഭക്കുഞ്ഞുങ്ങളായോര്‍മ്മകള്‍ ആറില്ലീക്കനലെങ്കിലും സമൃതികളില്‍ തേടട്ടെ തെല്ലെങ്കിലും 
വേറിട്ടൊന്നു നിനയ്ക്കുവാന്‍, കമനിയെ കാണാന്‍ കിനാത്തോണിയില്‍!

വേള്‍ക്കാനന്നു നടന്നു വന്നു സഖിമാരോടൊത്തു നീ, മുന്നിലേയ്-
ക്കാള്‍ക്കാരേറെ നിരന്നിരുന്ന സഭയില്‍, വ്രീളാമുഖച്ചേലുമായ്
കേള്‍ക്കാം  വായ്ക്കുരവാരവം, ചകിതയായ് കണ്‍കോണിനാല്‍ നീട്ടിയെ-
ന്നുള്‍ക്കാമ്പില്‍ വിരിയിച്ചു പൊന്‍ പ്രണയദീപത്തിന്‍ പ്രഭാ മണ്ഡലം!

ദേവീ, മോഹന സ്വപ്നസഞ്ചയവുമായൊന്നായൊരന്നാള്‍ മുതല്‍
നോവും നൊമ്പരവും പകുത്തു, സുഖസന്തോഷങ്ങളും തുല്യമായ്
ദ്യോവിന്നിപ്പുറമുണ്ട് സ്വര്‍ഗ്ഗ ,മതുമീ മന്നില്‍ തുലോം മര്‍ത്തൃനാ
ലാവും, തീര്‍ത്തിടുവാന്‍, നമുക്ക് തെളിവായ്‌ തീര്‍ന്നി ല്ലെയക്കാലവും?

ഒറ്റശ്ലോകങ്ങള്‍

ഒക്ടോബര്‍ 26, 2015
ആശയ്ക്കൊത്തൊരു ദോശ കിട്ടി, കിടിലന്‍ ചമ്മന്തി, ലാവണ്യമോ
ലേശം കൂടി, തിരസ്കരിയ്ക്ക, ഭരണം നന്നല്ലയെന്നായ് മനം
ദോശസ്നേഹമുയര്‍ന്നു പൊങ്ങി, പശിതന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളും
ക്ലേശിക്കാതെ കഴിച്ചെണീറ്റു, സുഖമായൊന്നല്ല പത്തെണ്ണവും!

ഒക്ടോബര്‍ 25, 2015

നിത്യം പാചക യാഗഭൂവില്‍ നടനം ചെയ്യുന്ന, ഹേ പാവക
സ്തുത്യം സേവകനായ് ഹനിപ്പു, ജഠരാഗ്നിജ്വാലയെന്നില്‍ ചിരം
സത്യം, പ്രത്യുപകാരമായ് വരുമൊരിക്കല്‍, കോടിമുണ്ടൊന്നുമായ്
നിത്യാനന്ദമിയന്നു പോകെ, ചിതയില്‍, നിന്‍ കൈകളില്‍ കൂടി ഞാന്‍.


ഒക്ടോബര്‍ 23, 2015
നിന്നോമല്‍ കര പല്ലവങ്ങള്‍ തഴുകാന്‍. ചെഞ്ചോരിതള്‍ ചുണ്ടിനോ-
ടൊന്നായ്‌ ചേര്‍ന്നു മനോജ്ഞ നാദ ലഹരീ പീയൂഷമൊന്നുണ്ണുവാന്‍
എന്നോ മറ്റൊരു ജന്മമുണ്ട് തരുവാന്‍, കണ്ണാ, എനിക്കെങ്കില്‍ നിന്‍
പൊന്നോടക്കുഴലാകുവാനൊരു വരം വൈകാതെ തന്നാവു നീ!

ഒക്ടോബര്‍ 23, 2015

കാറ്റിന്‍ കൈകളിലൂയലാടി വരുമാ കാര്മേുഘജാലങ്ങളി-
ന്നൂറ്റം കൊണ്ട കരങ്ങളാലവനിയെ താഡിക്കുമാദിത്യനെ
മാറ്റി, ത്തൂമഴനൂലുപാകി തരസാ നെയ്തിട്ട നീരാടയില്‍
പറ്റും വിണ്‍ കുളിരില്‍ സുഷുപ്തി സുഖമായ്, പോകൊല്ല നീ കൊണ്ടലേ!


ഒക്ടോബര്‍ 19, 2015
രാവിന്‍ കുമ്പിളിലേക്കു മെല്ലെ പകരും നേരത്തു, ഹാ , വെണ്ണിലാ
പാലിന്‍ പൊല്‍ക്കുടമങ്ങു തൂവി ഭുവനം മുങ്ങുന്നു പാലാഴിയില്‍
തല്‍പം ശേഷസമാനമാ,യരികിലാ ശ്രീ ലക്ഷ്മിയായെന്‍ സഖി
ബ്രഹ്മാനന്ദ പദം നുകര്‍ന്നു ഹരി ഞാന്‍ പൂകുന്നു വൈകുണ്ഠവും

ഒക്ടോബര്‍ 17, 2015
മാനത്തന്തിവിളക്ക് മെല്ലെ വിടരും നേരത്തു നീ, മത്സഖീ

ശീവോതിക്കു തെളിച്ച ദീപ മുകുളത്താലത്തൊടിങ്ങെത്തവേ
കാണ്മൂ ദീപ്ത ചിരാതുകള്‍ മിഴികളില്‍ താരങ്ങളായ്, നിന്‍ മുഖം
താരാ നായകനാ,യിറങ്ങി വരവായ് സന്ധ്യാംബരശ്ശോഭയും.

ഒക്ടോബര്‍ 14, 2015
മേക്കപ്പിന്നെന്നപേരില്‍ കയറിടുമൊടുവില്‍ ബ്യുട്ടിഷ്യന്‍ തന്‍ പ്രയോഗം
ലോക്കപ്പില്‍ നിന്നിറങ്ങും പ്രതിയുടെ വദനം പോലഹോ ദൈന്യ മാക്കും
കാക്കപ്പേടിക്കു തുല്യം പലവിധ മുഖഭാവങ്ങളും, കാണ്‍കിലാരും
മൂക്കിന്മേല്‍ വെച്ചുപോകും, കരവിരല്‍, നവസൌന്ദര്യ സങ്കല്‍പമോര്‍ക്കി ല്‍

ഒക്ടോബര്‍ 13, 2015.
ആരുണ്ടീയുലകത്തിലിന്നു ഭഗവന്‍ നീയെന്നിയേ ഘോരമാം
പ്രാരാബ്ധച്ചുഴിയില്‍പ്പതിച്ചു പിടയുന്നേരത്തൊരാലംബമായ്
കാരുണ്യാംബുധി വറ്റിയോ? തിമിരമാ നേത്രങ്ങളെക്കാര്‍ന്നു വോ?
നാരിക്കൂട്ടമെതിര്‍ത്തു വോ? ഹരി, വരാനെന്തേ മടിക്കുന്നു നീ?

ഒക്ടോബര്‍ 04, 2015
എങ്ങോനിന്നു കവര്‍ന്നെടുത്ത ചിരിയും പറ്റിപ്പിടിപ്പിച്ചുകൊ-
ണ്ടോങ്ങാനാഞ്ഞ കരങ്ങള്‍ കൂപ്പി ഭയഭക്തിത്യാദി ഭാവങ്ങളാല്‍
ചങ്ങാതിക്ക് സമം പിടിച്ചു കുശലം ചോദിക്കയായ് വോട്ടിനായ്
പൊങ്ങാറായി തിരഞ്ഞെടുപ്പ് രവവും സംപൂജ്യരായ് വോട്ടറും.

ആഗസ്റ്റ് 20, 2015
പാലാഴിത്തിരമാലയൊന്നു കടലിന്‍ മര്യാദ ഭേദിച്ച് വ-
ന്നാലോലാര്‍ദ്ര "മനോജ്‌"ഞമാം കവിതയായ് തുള്ളിത്തുളുമ്പുന്നിതാ
"പൂലാനിപ്പുലി"യായപൂച്ച, ശകലം നക്കിക്കുടിച്ചീടുവാന്‍

വാലും നീട്ടിയിരിയ്ക്കയാണു, മധുരം പാരം നുകര്‍ന്നോട്ടെ ഞാന്‍.
ആഗസ്റ്റ് 16, 2015
അയ്യോ വേണ്ട പിണങ്ങിടേണ്ട, സഖി നീ, ചുമ്മാ തമാശയ്ക്കു ഞാന്‍
വയ്യായെന്നു പറഞ്ഞതല്ലെ, വരികെന്‍ ചാരത്തിരുന്നീടുക
പൊയ്യല്ലോമനെ,യിന്നുതന്നെ കണിശം ഫസ്റ്റ്ഷോയ്ക്കു പോകാം, വഴി-

ക്കയ്യര്‍ ഹോട്ടലിലൊന്നുകേറി സുഖമായാവാം മസാല്‍ ദോശയും.
ആഗസ്റ്റ് 9, 2015
രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞ്, ഇന്നലെ രാത്രി ഗീതയും കുട്ടികളും നാട്ടില്‍ നിന്ന് മടങ്ങി.
വീടാകെപ്പൊടി, മുറ്റമെന്‍റെ ശിവനേ പുല്ലും പടര്‍ന്നാമസോണ്‍
കാടൊക്കും പടി, നാറിടുന്ന വസനക്കൂമ്പാരമങ്ങിങ്ങുമായ്
മാടിന്‍ കൂടിതടുക്കള, പ്രണയിനീ മാഴ്കേണ്ട നീ യീവിധം,
മോടിക്കില്ലൊരു ലംഘനം, വരിക, ഞാനോതുന്നു സുസ്വാഗതം!
ജൂലായ് 28,2015
ഒരു വിരഹിണീ വിചാരം.
കാലത്തിഡ്ഡലി ചട്ണിയൊത്ത്, പിറകേ മുത്താഴ,മത്താഴവും
വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ ചോറ്,കറിയും, ചപ്പാത്തിയും മറ്റുമായ്
ഇഷ്ടം പോലെ കഴിച്ചിരുന്ന കണവന്‍ ഫാസ്റ്റ്ഫുഡ്ഡിലും ബ്രഡ്ഡിലും
കാലം പോക്കുവതെന്നുകേട്ടധികമായുള്‍ത്താരുകത്തുന്നു മേ!
ജൂലായ് 21, 2015
എങ്ങോനിന്നുടനോടി വന്നു ധൃതിയില്‍ പെയ്തിട്ടു പായുന്നൊരാ
ചിങ്ങചാറ്റല്‍ മഴയ്ക്കു തുല്യമവധിക്കാലം പറന്നങ്ങുപോയ്‌.
മങ്ങാതോര്‍മകളെന്നകത്തു തെളിയും ചില്ലിട്ട ചിത്രങ്ങളാ-
യങ്ങാ നിത്യതയെന്നെ വന്നു പുണരുംകാലത്തൊളം, നിശ്ചയം!
ജൂണ്‍ 26, 2015.
ഇന്നു നാട്ടിലേക്ക്. പ്രാദേശിക സമയം വൈകീട്ട് 4:30 ന്.
ലോസ് ആഞ്ചലസ് >> ദുബായ്>> ചെന്നൈ.


ചൊവ്വാഴ്ച രാവിലെ പൂലാനിയില്‍.

വാതില്‍ക്കല്‍ വന്നു തേങ്ങുന്നിതു, കദനമൊടീ കയ്പവല്ലിക്കുടുംബം
കാണുന്നില്ലെങ്ങുപോയീ, യനുദിനമൊഴിയാതോമനിക്കും കരങ്ങള്‍?
കാര്യങ്ങള്‍ സംഗ്രഹിക്കെ,പ്രിയയൊടു പറവാന്‍ ചൊല്ലിയേല്‍പിച്ചു, പുത്തന്‍
പൈതങ്ങള്‍ വന്നുവെന്നും നലമൊടു പവനന്‍ ഊയലാട്ടുന്നു വെന്നും.

ജൂണ്‍ 17, 2015

നേരം പോക്കുകളില്ല, ബാല വികൃതിപ്പൂര പ്രഘോഷങ്ങളി-
ല്ലോരം ചേര്‍ന്നൊരു കപ്പു കാപ്പി തരുവാനാളില്ല, ഹാ കഷ്ടമായ്
പാരം ശൂന്യത മാത്രമുണ്ടു തുണയാ,യെണ്ണിത്തുടങ്ങുന്നു ഞാന്‍
വാരം രണ്ടു കഴിഞ്ഞു മത്സഖിയൊടൊത്തെന്‍ ഗേഹമെത്തീടുവാന്‍.
ഏപ്രില്‍ 01, 2015
വാപീസ്നാന വിശുദ്ധിയോടെ തവതൃപ്പാദാരവിന്ദങ്ങളെന്‍
ഹൃത്തില്‍ ചേര്‍ത്ത് , മനസ്സിലൂറിനിറയും ത്വത്ഭക്തിതന്‍ തേനുമായ്
ധന്യം നിന്‍ നട പൂകി ഞാന്‍ മിഴിതുറന്നീടുമ്പോള്‍ മേശാന്തി തന്‍
കൌപീനാങ്കിത പൃഷ്ഠ ദര്‍ശനമെനിക്കെന്തേ വിധിച്ചു? ഹരേ!

മാര്‍ച്ച്‌ 22,2015
ടീവി സീരിയല്‍
നാട്യക്കാര്‍ക്കിതു ഭൂഷണം, പൊതു സമൂഹത്തിന്നഹോ ഭീഷണം
വീട്ടില്‍ കൂടിവരുന്നു മോഷണ,മതി ക്രൂരോപമം ഭാഷണം.
ടീവീക്കാര്‍ക്കിതു തോഷണം വനിതമാര്‍ക്കാനന്ദ സംഘോഷണം
വൈകീടാതെ നിറുത്തണം, കുടിലമീ മാലിന്യസംപ്രേഷണം.

മാര്‍ച്ച്‌ 21, 2015
മഞ്ഞച്ചേലയണിഞ്ഞു മുന്‍പ് പലനാള്‍ കപ്പേന്തിയെന്നാകിലും
കുഞ്ഞേ,ക്വാര്‍ട്ടറില്‍,പോയ കപ്പിലഖിലം നീലാഭമായില്ലയോ?
നഞ്ഞും ചീറ്റിവരുന്ന ഘോരഫണിയാം 'മെന്‍ ഇന്‍ ബ്ലൂ' വിന്‍ മുന്നില്‍ നീ
മഞ്ഞച്ചേരകണക്കു വീണു പിടയും, കാക്കുന്നു ഞാന്‍ കാണുവാന്‍.

പുറം കഠോരം പരിശുഷ്കമൊട്ടു-
ക്കുള്ലോ മൃദു സ്വാദു രസാനുവിദ്ധം
ചാലക്കുടിക്കാരൊരു നാളികേര-
പ്പാകത്തിലാണിങ്ങനെ മിക്കപേരും.

മാര്‍ച്ച്‌ 19, 2015
വെസ്റ്റിന്‍ഡീസിലൊരിക്കല്‍ നമ്മളിവരാല്‍ കാല്‍ തെറ്റി വീണെങ്കിലും
'മിസ്റ്റര്‍ കൂളി'വിടിന്നു വെച്ച വലവിട്ടായില്ലെഴുന്നേല്‍ക്കുവാന്‍
ലാസ്റ്റിന്നിംഗ്സുകളില്‍ തെളിച്ച മികവങ്ങെന്നും തുടര്‍ന്നീടുക
'ബെസ്റ്റോഫ് ലക്കി'നി മെല്‍ബണില്‍ വിജയിയായ് കപ്പങ്ങുയര്‍ത്തീ ടുവാന്‍.

മാര്‍ച്ച് 15,2015
പാമ്പ്‌ വാവ സുരേഷിന്‍റെ കയ്യില്‍
രമേശനിഷ്ടശയ്യയായി ക്ഷീരസാഗരത്തിലും
ഉമേശനിഷ്ട ഭൂഷയായി സര്‍വദാ ഗളത്തിലും
'സുരേശ' ശാസനക്കൊതുങ്ങി ശാന്തമായ് കരത്തിലും
ഫണീശ സോദരര്‍ വസിപ്പു, ഷാപ്പുകള്‍ക്കു ചുറ്റിലും.

മാര്‍ച്ച്, 15, 2015
റോക്കറ്റിന്നു സമം കുതിച്ച വിലയാലല്‍പം തളര്‍ന്നെങ്കിലും
ടിക്കറ്റങ്ങിനെ ബുക്കുചെയ്തു, വരുവാന്‍, ജൂണ്‍ മാസമന്ത്യത്തിലായ്
മക്കള്‍ക്കൊപ്പമിറങ്ങിടും കമനിയാള്‍, രണ്ടാഴ്ച മുന്‍പ,ക്ഷമര്‍
നോക്കിക്കൊണ്ടെയിരിപ്പുമായ്, വരുവതിന്നാദീര്‍ഘയാത്രോത്സവം.

മാര്‍ച്ച്, 14, 2015
നിവര്‍ന്നു നിന്നു തീരുമാനമേകനായെടുക്കുവാന്‍
ഗവര്‍ണറു ള്ളതാണു നാട്ടിലിന്നു തെല്ലൊരാശ്രയം
കവര്‍ന്നു തിന്നു ചീര്‍ത്തു ചീഞ്ഞ ദുഷ്ടനേതൃമന്യരാം
ചവര്‍നിറഞ്ഞ കൊട്ട പോട്ടെ വേമ്പനാട്ടു കായലില്‍

മാര്‍ച്ച്, 10, 2015
'വാളേ' തെളിച്ചിടുക, നിന്‍ പണി തീര്‍ന്നതില്ല
ആളിപ്പടര്‍ത്തിടൊലയീകലഹാഗ്നി തെല്ലും
നാളത്തെ നല്ലദിനമോര്‍ത്തു തിരഞ്ഞെടുത്തൊ
രാളേറെയുണ്ട് മനതാരിലതോര്‍ക്ക നിത്യം.

മാര്‍ച്ച്, 05, 2015
പരിശ്രമം ചെയ്യുകിലേതു കേസും
കുഴിച്ചുമൂടാന്‍ കഴിവുള്ള വണ്ണം
മൃഗീയരാം മര്‍ത്ത്യരുമായി യത്രെ
പൊലീസിനെ പാരിലൊരുക്കി സര്‍ക്കാര്‍.

മാര്‍ച്ച് 01,2015
കുന്നോളം ജോലിയുണ്ടേ, ക്ഷണ,മൊരുമണിയാകുന്നതിന്‍ മുമ്പെയെത്താം
ഒന്നൊന്നായ് ജോലിതീര്‍ത്തങ്ങൊരുമണി കഴിയുന്നേര മൂണിന്നുപോകാം.
മൂന്നായാല്‍ ചായ, ചൂടന്‍ കടിയൊടു, കഠിനം ജോലിതന്‍ പാരവശ്യം
തീര്‍ന്നാല്‍ നാലിന്നിറങ്ങാം, ഒടുവിലൊരുദിനം പത്മഭൂഷണ്‍ ലഭിക്കാം.

ഫെബ്രുവരി 22, 2015
എന്നാലും പാര്‍ട്ടിയല്ലേ? പുനരവിടെ വിളിക്കുന്നതും പി.ബി.യല്ലേ?
ചെന്നാലും നിങ്ങളല്ലേ? പരമവിടെ വിശേഷിച്ചു ചെല്ലേണ്ടതല്ലേ?
ഇന്നെന്താണിഷ്ടമില്ലേ?, തവ തിരുവെഴുന്നള്ളത്തിനിഭാവമില്ലേ?
തോന്നില്ലേ മാദ്ധ്യമങ്ങള്‍ക്കൊരുപുറമെഴുതാനെങ്ങുപോയീടുമെന്നും?

ഫെബ്രുവരി 13,2015
മേല്‍മുണ്ടപ്പാടെ കീറി, കണവനു ചിതമായ് ചീന്തി കൌപീനമാക്കി
കൌപീനം വൃദ്ധനായി തളരവെ ശയനം ഇഡ്ഡലിത്തട്ടിലാക്കി.
തട്ടില്‍നിന്നൊട്ടിറങ്ങി, പുനരതു നിലവും വൃത്തിയാക്കിത്തുടച്ച-
ങ്ങാര്‍ജിപ്പൂ പൊന്‍ വിളക്കിന്‍ തിരിയുടെ വടിവായ് നിത്യസംസാരമോക്ഷം.

ഫെബ്രുവരി 07,2015
എന്തുണ്ടമ്മേ വിശേഷം?കളവൊരു കലയായ് തീര്‍ത്ത നേതാക്കള്‍ കാട്ടും
താന്തോന്നിത്തങ്ങളുണ്ണീ അനുദിനമഴലിന്‍ പേവിഷം ചീറ്റിടുന്നൂ.
ചിന്തിപ്പൂ, നിന്‍റെകൂടെ കഴിയുവതിനു ഞാനച്ഛനോടോത്തു, പൊന്തും
സന്തോഷം തള്ളിയെന്നെത്തറയിലെറിയവേ, ക്ലോക്കലാറം മുഴക്കീ.

Dec 21,2014
പൂര്‍വം പൂര്‍ണ നിരോധനം, ജനതതി പ്രീതിയ്ക്കു ദേശാടനം
ന്യായക്കോടതിയില്‍ വിമര്‍ശ,മഹഹോ കോഴക്കളിപ്പൂരവും.
വൈരം മൂത്ത് വിഴുപ്പലക്കല്‍, മുതലാളര്‍ മുന്‍പില്‍ സാഷ്ടാംഗവും
ഏവം മദ്യ നിരോധനം , ചപലമാം രാഷ്ട്രീയ കോലാഹലം.





Sunday, January 4, 2015

ഒരു പീലിത്തല

November 26, 2014 

അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂലാനിയില്‍ ഞങ്ങളുടെ തറവാടില്‍ ഓടിക്കളിച്ചിരുന്ന ഒരു രണ്ടു വയസ്സുകാരന്‍. സമൃദ്ധമായി വളര്‍ന്നിരുന്ന തലമുടിയില്‍ ഒരു മയില്പ്പീലിയൊക്കെ വെച്ചായിരുന്നു ചിലപ്പോഴൊക്കെ ആശാന്‍റെ നടപ്പ്. എണ്‍പത്തേഴിന്‍റെ നിറവില്‍ നില്‍ക്കുന്ന ഒരു അമ്മ ഇപ്പോഴും തന്‍റെ മനസ്സിലെ ചിത്രക്കൂടില്‍ ആ പീലിക്കാരന്‍റെ ചിത്രം നിറം മങ്ങാതെ സൂക്ഷിക്കുന്നു. ‘മാഷിന്‍റെ പീലികെട്ടിയ ആ മോന്‍ ഇപ്പൊ എന്ത് ചെയ്യുന്നു?’ എന്ന ആ അമ്മയുടെ അന്വേഷണത്തെപ്പറ്റി അറിഞ്ഞപ്പോള്‍, ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ആ അമ്മയെപോയി കാണണമെന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നു. പൂലാനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ സമീപത്തു താമസിക്കുന്ന ആ അമ്മയെ, ഒരു ദിവസം രാവിലെ പോയിക്കണ്ടു. ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കായാതിനാല്‍, ക്ഷേത്ര പരിസരത്തു വെച്ചാണ്‌ കണ്ടത്. 

“പൊരിവെയില്‍ തട്ടി ചുട്ട കഷണ്ടിയില്‍
ഒരു പിടി നെല്ലാല്‍ മലരു പൊരിക്കാം’ 


എന്ന നിലയിലേക്ക് ആ പീലിത്തല അവസ്ഥാന്തരപ്പെട്ടതു കണ്ടപ്പോള്‍ ആ അമ്മയുടെ വികാരവും വിചാരവും എന്തായിരുന്നെന്നു ഊഹിക്ക വയ്യ. ആ സ്നേഹ പ്രകടനത്തിനു മുന്‍പില്‍ മറ്റൊന്നിനും സ്ഥാനമില്ലായിരുന്നു.





മുഝേ മാലും നഹി

നവംബര്‍ 30, 2014
സ്ഥലം : പൂലാനി കോവിലകം പടി ബസ്‌ സ്റ്റോപ്പ്‌ പരിസരം.
സമയം : വൈകീട്ട് ഏതാണ്ട് ഒരു അഞ്ചര മണി.
റോഡിലൂടെ ഏതാനും ചെറുപ്പക്കാര്‍ ചെറു സംഘങ്ങളായി അങ്ങോട്ടും ഇങ്ങോട്ടും നടന്നകലുന്നു. കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും അങ്ങനെ അങ്ങനെ. ഹിന്ദിയിലാണ് ആശയ വിനിമയം. ഏതോ ഒരു ഉത്തരേന്ത്യന്‍ തെരുവില്‍ നില്ക്കുന്ന പ്രതീതി. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ ഒറ്റയ്ക്ക് വരുന്നു. എന്‍റെ അടുത്തെത്തിയപ്പോള്‍ ഒരു ചോദ്യം. ഹിന്ദിയിലാണ്. പെട്ടെന്നുള്ള മറുപടി നാക്കില്‍ നിന്നും മലയാളം ചാനലിലൂടെയാണ് തെറിച്ചു വീണത്. സ്ഥലകാല ബോധം വീണ്ടെടുത്തു. ഹിന്ദി ചാനലുകള്‍ ഒന്നും സബ്സ്ക്രയിബ് ചെയ്തിട്ടില്ല. പൂലാനി സ്കൂളില്‍ ഹിന്ദി പഠിപ്പിച്ച ആര്യാദേവി ടീച്ചറെയും ഈസ്റ്റു ഹൈസ്കൂളിലെ കല്യാണിടീച്ചറെയും മനമുരുകി വിളിച്ചു. ആരും കനിഞ്ഞില്ല. അതുകൊണ്ട്, ഉദ്ദേശിച്ചത് രസനയില്‍ കിനിഞ്ഞുമില്ല. സ്കൂള്‍ ആനിവേഴ്സറിക്ക് ഹിന്ദി പ്രസംഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയതൊക്കെ വെറും ഏട്ടിലെ പശു. ഇവനേതു കോത്താഴത്തുകാരന്‍ എന്നമട്ടില്‍ ചോദ്യ കര്‍ത്താ വ് നടന്നകലാന്‍ തുടങ്ങുമ്പോള്‍ മുജ്ജന്മ സുകൃതമെന്നോണം വാഗ്ദേവി നാക്കിലൂടെ അഷ്ടാക്ഷരിയായി കയറിയിറങ്ങി.
"മുഝേ ഹിന്ദി മാലും നഹി'.
തൃപ്തനായോ എന്തോ, കക്ഷി നടന്നകന്നു, ഒട്ടേറെ മറു ചോദ്യങ്ങള്‍ എനിയ്ക്കായി കുടഞ്ഞിട്ട്.
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ മലയാള ഗ്രാമത്തില്‍ നിന്നു പിഴയ്ക്കാന്‍ മലയാളം പോരെന്നു വരുമോ?
വീടിന്‍റെ മുറ്റത്തു നിന്ന് എന്‍റെ അച്ഛനെ വിളിച്ചാല്‍ 'ബഹുത് അച്ഛാ' എന്നാരെങ്കിലും ഏറ്റുപറയുമോ?
എണ്പതുകളില്‍ മലയാളക്കരയെ പുളകം കൊള്ളിച്ച സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനു പുതിയ പതിപ്പിറങ്ങുമോ? സമ്പൂര്‍ണ ഹിന്ദി സാക്ഷരത?
മുഝേ മാലും നഹി സാബ് , മാലും നഹി

മദ്യ നിരോധനം

Dec 21,2014
പൂര്‍വം പൂര്‍ണ നിരോധനം, ജനതതി പ്രീതിയ്ക്കു ദേശാടനം
ന്യായക്കോടതിയില്‍ വിമര്‍ശ,മഹഹോ കോഴക്കളിപ്പൂരവും.
വൈരം മൂത്ത് വിഴുപ്പലക്കല്‍, മുതലാളര്‍ മുന്‍പില്‍ സാഷ്ടാംഗവും
ഏവം മദ്യ നിരോധനം , ചപലമാം രാഷ്ട്രീയ കോലാഹലം.