Sunday, May 18, 2014

ലക്കം 7 - സ്കൂള്‍ ജീവിതം തുടരുന്നു


മെയ് 18, 2014
വൈകുന്നേരം  സ്കൂള്‍ വിട്ടുമടങ്ങുമ്പോള്‍, കോവിലകത്തിന്‍റെ കിഴക്കേ പൂമുഖത്ത് തിണ്ണയില്‍ മിക്കവാറും ദിവസങ്ങളില്‍ കൊച്ചുണ്ണിമ്മാന്‍ ഇരിക്കുന്നുണ്ടാകും, എന്നെയും കാത്ത്. എന്‍റെ കയ്യില്‍നിന്നും ബാഗും കുടയുമൊക്കെ വാങ്ങി, എന്‍റെ കൂടെ വീട്ടിലേക്ക് വരും. വീട്ടില്‍ പൂമുഖത്തിരുന്നു ഞാന്‍ ഗൃഹപാഠം ചെയ്യുമ്പോള്‍ എന്‍റെ അടുത്തുണ്ടാകും. കുറച്ചു നേരത്തെ വര്‍ത്തമാനവുമൊക്കെ കഴിഞ്ഞ് സന്ധ്യയാകുമ്പോഴേക്കും  കൊച്ചുണ്ണിമ്മാന്‍ കോവിലകത്തേക്കു മടങ്ങും.

ഞങ്ങളുടെ പൂമുഖത്തിന് ഇന്നത്തെപ്പോലെ അത്ര ചൂടുണ്ടായിരുന്നില്ല, അന്ന്. പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങിയിരുന്ന പൂമുഖത്തിന്‍റെ ഓലമേഞ്ഞ മേല്‍ക്കൂര, മുളകൊണ്ടുണ്ടാക്കിയ തൂണുകള്‍, ചുമരിനു പകരമായി മുള പിളര്‍ത്തിയുണ്ടാക്കിയ വാരികള്‍ ഇവയൊക്കെ  വായുസഞ്ചാരം സുഗമമാക്കിയിരുന്നു.
രാവിലെ ഓലകള്‍ക്കിടയിലൂടെ, പൂമുഖത്തെ വിശേഷങ്ങളറിയുവാന്‍ സൂര്യകിരണങ്ങളെത്തുമ്പോള്‍, അച്ഛന്‍റെ നെടുവീര്‍പ്പുകള്‍

"പാരം ദ്രവിക്കും പഴയോലകള്‍ക്കെഴും
ദ്വാരത്തിലൂടെ വെയിലാപതിക്കയാല്‍
സ്വൈരം നിലത്തങ്ങു രസിപ്പതുണ്ടതി-
ക്രൂരങ്ങള്‍ ദാരിദ്ര്യ പിശാച ദൃഷ്ടികള്‍"
എന്ന ശ്ലോകത്തിലൂടെ പുറത്തുവന്നിരുന്നു.  എന്നെങ്കിലുമൊക്കെ ഇതൊന്നു ശരിയാക്കിയെടുക്കുവാന്‍ സാധിക്കുമോ എന്ന ഉല്‍ക്കണ്‍ഠ.

ഓലയും മഴയും തമ്മിലുള്ള രഹസ്യ ബന്ധം വര്‍ഷകാലങ്ങളിലാണ് സ്വാഭാവികമായും പുറത്തു വന്നിരുന്നത്. തന്‍റെ മേല്‍ വീഴുന്ന നീര്‍ത്തുള്ളികള്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങുമ്പോള്‍, തന്‍റെ ദ്വാരങ്ങളിലൂടെ അവയെ കൂടുതല്‍ സുരക്ഷിതരായി പൂമുഖത്തെത്തിക്കുമായിരുന്നു, ഓലകള്‍. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവയുടെ കള്ളക്കളികളില്‍ നിന്നു ഞങ്ങള്‍ മോചിതരായത്.

പുല്ലട. പില്‍ക്കാലത്തെങ്ങോ കഴിച്ച ഒരു പലഹാരം. എന്നാല്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വ്യതസ്ത രൂപത്തിലും ഭാവത്തിലും പുല്ലട കയ്യില്‍ ഉണ്ടാകുമായിരുന്നു. ചട്ട അടര്‍ന്നുപോയ സ്ലേറ്റ്‌. അതായിരുന്നു പുല്ലട. അത് തന്നെ മൂല അടര്‍ന്നത്‌, നെടുകെ പിളര്‍ന്നത്, ചിലപ്പോള്‍ ലോക ഭൂപടത്തിന്‍റെ രൂപത്തില്‍. അങ്ങനെ പലതരം. പെന്‍സില്‍ കയ്യിലില്ലാതെ വരുന്ന ചില സന്ദര്‍ഭങ്ങളില്‍ സ്ലേറ്റിന്‍റെ കൊച്ചു കഷണങ്ങള്‍ പെന്‍സിലിന്‍റെ ചുമതലകള്‍ നിറവേറ്റുമായിരുന്നു.

സ്കൂളിന്‍റെ അടുത്തൊരു ബസ് സ്റ്റോപ്പ്‌ ഉണ്ട്. ഇന്നത്‌ നായരങ്ങാടി എന്നറിയപ്പെടുന്നു. അക്കാലത്ത് അവിടെ ഒരു കൊച്ചു കെട്ടിടം  മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൂണ്ടാണി മാധവന്‍ നായര്‍ നടത്തിയിരുന്ന ഒരു ചായക്കടയും അതിനോട് ചേര്‍ന്ന് അദ്ദേഹം തന്നെ നടത്തിയിരുന്ന ഒരു കൊച്ചു പച്ചക്കറി-പലവ്യഞ്ജന ക്കടയും. അവിടെ നിന്നാണ് ഞാന്‍ വല്ലപ്പോഴുമൊക്കെ  പെന്‍സില്‍ വാങ്ങിയിരുന്നത്. എന്‍റെ ജീവിതത്തിലെ ഷോപ്പിംഗ്‌ തുടങ്ങിയതും അവിടെയാണ്. അന്നൊക്കെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നത് ആ കടയില്‍ ഒരു മുറത്തില്‍ ഉണങ്ങാനും വില്‍ക്കാനുമായി വച്ചിരുന്ന മത്സ്യങ്ങളാണ്. അതുവരെ പുഴയില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങളെ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. മനുഷ്യന്‍ മത്സ്യത്തെ മാത്രമല്ല മറ്റു ജന്തുക്കളെയും കൊന്നു തിന്നുമെന്നുള്ളത് എനിക്ക് പുതിയൊരറിവായിരുന്നു. ആ ഒരു വസ്തുതയുമായി ഇന്നും എനിക്കു പൊരുത്തപ്പെടുവാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്നും ഞങ്ങള്‍ സകുടുംബം സസ്യാഹാരികളായി ത്തുടരുന്നു.

ഞങ്ങളുടെ കുടുംബത്തിലും മറ്റെവിടെയും പോലെ അസുഖങ്ങള്‍ നിത്യ സന്ദര്‍ശകരായിരുന്നു. ഒരു പക്ഷെ എന്നോടായിരുന്നു അവയ്ക്കു ഏറെ ഇഷ്ടവും. അസുഖങ്ങള്‍ വന്നാല്‍ അമ്മ പ്രധാനമായും രണ്ടു പേരെയാണ് ആശ്രയിച്ചിരുന്നത്. അതില്‍ പ്രഥമസ്ഥാനീയന്‍ സാക്ഷാല്‍ ഗുരുവായൂരപ്പന്‍. മേല്പുത്തൂരു പോലും "അജ്ഞാത്വാ തേ മഹത്വം" എന്ന് വിശേഷിപ്പിച്ചു സായൂജ്യമടഞ്ഞ ആ കാരുണ്യ സിന്ധുവിനെ വിവരിക്കാന്‍ ഞാന്‍ തീര്‍ത്തും അശക്തന്‍.  അടുത്ത സ്ഥാനത്ത്, ജോര്‍ജ് ഡോക്ടര്‍ എന്ന് പൊതുവെ ചാലക്കുടിയില്‍ അറിയപ്പെട്ടിരുന്ന  ഡോ. എം. കെ. ജോര്‍ജ്. ആശുപത്രിറോഡില്‍ അദ്ദേഹത്തിനു ഒരു ക്ലിനിക്‌ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകാരായി മുറിവൊക്കെ വച്ചുകെട്ടാന്‍ ഒരു കുഞ്ഞുവറീതും ഫാര്‍മസിയില്‍ മരുന്നെടുത്തുകൊടുക്കാന്‍ ഒരു ചോതിയും. ഗേറ്റ് കടന്നു ക്ലിനിക്കില്‍ എത്തുമ്പോഴേക്കും അവിടെ നിര്‍മ്മിച്ചെടുക്കുന്ന മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധം നമ്മുടെ ഉള്ളില്‍ ചെന്നിരിക്കും. അസ്ഥികളെ വരെ കുടഞ്ഞുലയ്ക്കുന്ന ഒരുതരം കയ്പാണവയ്ക്ക്. ചുമന്ന നിറത്തിലുള്ള മരുന്നെന്ന പേരുള്ള ആ ദ്രാവകം, ഒപ്പം അതിനെക്കാള്‍ കയ്പുള്ള ഒരു പൊടി, തേനില്‍ ചാലിച്ചു കഴിക്കുവാന്‍. നിസ്സാര വിലയേ ഉള്ളൂ ആ മരുന്നുകള്‍ക്ക്. അതുകൊണ്ടുതന്നെ ധാരാളം രോഗികള്‍ അവിടെ വരുമായിരുന്നു. സത്യം പറയട്ടെ, ആ മരുന്നുകള്‍ വളരെ ഫലപ്രദവുമായിരുന്നു. ശര്‍ക്കരയോ പഞ്ചസാരയോ മുന്‍പും പിന്‍പും ഉണ്ടെങ്കിലെ അവയെ കഴിക്കുവാനും പറ്റിയിരുന്നുള്ളൂ. അമ്മയും അമ്മയെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന പത്മു അമ്മയും എന്‍റെ പിന്നാലെ എത്രയോ പാഞ്ഞിരിക്കുന്നു, ആ മരുന്നൊന്നു കുടിപ്പിക്കുവാന്‍. അവസാനം ഓടിച്ചിട്ടു പിടിച്ച്, മടിയില്‍ ബലമായി പിടിച്ചു കിടത്തി താക്കോലോ സ്പൂണോ മറ്റോ വായിലിട്ടു ആ മരുന്ന് ബലമായി ഒഴിക്കുമ്പോള്‍, ഇല്ല ഞാന്‍ കൂടുതല്‍ പറയുന്നില്ല, ആ കയ്പ് ഇപ്പോഴും തികട്ടി വരുന്നത് പോലെ.

ഇന്നിവിടെ, കുട്ടികള്‍ക്കു വല്ലപ്പോഴും അസുഖം വരുമ്പോള്‍ വാങ്ങിക്കൊണ്ടുവരുന്ന മരുന്ന്, താരതമ്യം ചെയ്‌താല്‍ പഞ്ചാമൃത തുല്യമായ സിറപ്പ്, ഒന്നോ രണ്ടോ തുള്ളി ഞാന്‍ എന്‍റെ നാക്കിനും പകര്‍ന്നു കൊടുക്കുന്നു, പണ്ടു ഞാന്‍ അതിനോടു ചെയ്ത പാപത്തിനുള്ള പ്രായശ്ചിത്ത മെന്നോണം.










Wednesday, May 7, 2014

എം. എസ്. സ്മാരക അക്ഷരശ്ലോക മത്സരം

കൊരട്ടിയില്‍ വര്‍ഷം തോറും നടന്നുവരാറുള്ള എം. എസ് സ്മാരക അക്ഷരശ്ലോക മത്സരത്തിന്‍റെ 2005 ലെ പതിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍.


ആമുഖം - നിയമാവലി

ഭാഗം - 1

ഭാഗം - 2

ഭാഗം - 3

Sunday, May 4, 2014

ലക്കം - 6 - ഒന്നാം ക്ലാസ്സില്‍

മെയ്‌ 6, 2014

അക്കാലത്ത് പൂലാനിയില്‍ രണ്ട് സ്കൂളുകളാണ് ഉണ്ടായിരുന്നത്. ഒരു യു.പി. സ്കൂളും ഒരു എല്‍.പി. സ്കൂളും. യു.പി സ്കൂള്‍ കിഴക്കേ സ്കൂള്‍ എന്നും എല്‍.പി പടിഞ്ഞാറെ സ്കൂള്‍ എന്നും അറിയപ്പെട്ടിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്നും അര കിലോമീറ്ററില്‍ താഴെ ദൂരമേ ഉണ്ടായിരുന്നുള്ളൂ, പടിഞ്ഞാറെ സ്കൂളിലേക്ക്. കോവിലകത്തിനു മുന്‍പിലുള്ള റോഡ്‌ കടന്നു വേണം സ്കൂളിലെത്താന്‍. അന്ന് ഞങ്ങളുടെ വീടിനും കോവിലകത്തിനുമിടയ്ക്ക് ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു. തോപ്പിക്കാരുടെ വീട് എന്നറിയപ്പെടുന്ന തോപ്പില്‍ രാമന്‍ നായരുടെ വീട്. ആ വീടിന്‍റെ അടുത്തായി കോവിലകത്തിനു പിന്‍ഭാഗത്ത് വഴിയില്‍ ഒരു പടിപ്പുര ഉണ്ടായിരുന്നു. ആ പടിപ്പുരയില്‍ക്കൂടിയോ അതിനു തെക്കു വശത്തോടു ചേര്‍ന്നുള്ള ഇടുങ്ങിയ വഴിയില്‍ ക്കൂടിയോ വേണമായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍. അതുകൊണ്ടുതന്നെ ഒരു സൈക്കിള്‍ ചവിട്ടിയുള്ള യാത്ര പോലും ആ വഴിയില്‍ ദുഷ്കരമായിരുന്നു.

വഴിയില്‍ മെയിന്‍ റോഡിനോടു ചേര്‍ന്ന് ബസ്‌ സ്റ്റോപ്പിനടുത്ത് മരം കൊണ്ടു തീര്‍ത്ത പടിവാതിലുകള്‍ ഉണ്ടായിരുന്നു. വാതിലിന്‍റെ വടക്കു ഭാഗത്ത് നാല്‍ക്കാലികളുടെ പ്രവേശനത്തെ തടഞ്ഞും ഇരുകാലികള്‍ക്ക്‌ അത് സുഗമമാക്കിയുമുള്ള ഒരു സംവിധാനവുമുണ്ടായിരുന്നു. അമ്മയുടെ കല്യാണ സമയത്ത് വിശിഷ്ട അതിഥികളെ കൊണ്ടുവന്ന നിരവധി കാളവണ്ടികള്‍ ആ വഴിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിരന്നു കിടന്നിരുന്നതായും കലാമണ്ഡലം കൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ ഗംഭീര കഥകളി ഉണ്ടായിരുന്നതായും  കേട്ടിട്ടുണ്ട്. ഇരുന്നു വിരുന്നു വിളിക്കാന്‍ കാക്കകള്‍ കദളിവാഴക്കയ്യുകള്‍ അന്വേഷിച്ചു പറന്നിരുന്ന കാലമായിരുന്നല്ലോ അത്. കാറുകള്‍ കാളവണ്ടികളുടെ സ്ഥാനം കയ്യടക്കിയപ്പോള്‍ കാക്കകള്‍ ഡിഷ്‌ ആന്റിനകളിലേക്ക് ചേക്കേറിയത്‌ പില്‍ക്കാല സത്യം.

റോഡു കടന്നു, ചരല്‍ തൂവിക്കിടക്കുന്ന വഴിയിലൂടെ അല്‍പം നടന്നാല്‍, ഇടത്തോട്ടു തിരിയുന്ന വളവില്‍ കാവുമ്മാനും കുടുംബവും താമസിക്കുന്ന മഠം. അല്‍പം കൂടി മുന്‍പോട്ടു പോയി വലത്തേക്കുള്ള ഒരു വളവുകൂടി ത്തിരിഞ്ഞാല്‍ സ്കൂള്‍ ആയി. കുറച്ചുകൂടി മുന്‍പോട്ട് നടന്നാല്‍, വഴി ടാറിട്ട മെയിന്‍ റോഡില്‍ അവസാനിക്കുന്നു. റോട്ടില്‍ കൂടി കുറച്ചുകൂടി നടന്നുപോയാല്‍ അച്ഛനും അമ്മയും ജോലി ചെയ്യുന്ന യു.പി. സ്കൂള്‍ അഥവാ കിഴക്കേ സ്കൂള്‍.

ഞങ്ങളെ സംബന്ധിച്ചിടത്തോളം കിഴക്ക് ഭാഗത്തായിരുന്നുവെങ്കിലും, പശ്ചിമഘട്ടത്തിന്‍റെ പേരിനെഅനുസ്മരിപ്പിച്ചാണ് പടിഞ്ഞാറെ സ്കൂള്‍ അറിയപ്പെട്ടിരുന്നത്.

ദീര്‍ഘ ചതുരാകൃതിയിലുള്ള വളരെ ചെറിയൊരു മുറ്റം. മുറ്റത്തിന്‍റെ വടക്കു ഭാഗം വഴിയോടു ചേര്‍ന്ന്‍. മറ്റു മൂന്നു ഭാഗത്തും വീതി കുറഞ്ഞ ഇറയം. ഇറയത്തോടു ചേര്‍ന്ന് ക്ലാസ് മുറികള്‍. ബാലന്‍ മാഷ്‌ടെ ഒന്നാം ക്ലാസ്, മാത്തേലി മാഷ്‌ടെ മൂന്നാം ക്ലാസ്, കുമാരിട്ടീച്ചറുടെ ഒന്നാംക്ലാസ്, അമ്മിണി ട്ടീച്ചറുടെ രണ്ടാം ക്ലാസ്, ത്രേസ്യ ട്ടീച്ചറുടെ രണ്ടാം ക്ലാസ്, ഗോവിന്ദന്‍ മാഷ്‌ടെ നാലാം ക്ലാസ്, ഓപ്പമ്മാന്‍റെ മൂന്നാം ക്ലാസ്, പിന്നെ കുമാരന്‍ മാഷ്‌ടെ നാലാം ക്ലാസ് ഈ ക്രമത്തിലായിരുന്നു ക്ലാസ് മുറികള്‍. പനമ്പുകൊണ്ടു നിര്‍മ്മിച്ച തട്ടികകളാണ് ക്ലാസുകളുടെ അതിര്‍ത്തികള്‍ തിരിച്ചിരുന്നത്.

ഔദ്യോഗികമായി ശാരദട്ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന കുമാരിട്ടീച്ചര്‍ ആയിരുന്നു ഒന്നാം ക്ലാസ്സിലെ എന്‍റെ അദ്ധ്യാപിക. ഹരിശ്രീ എന്നു എന്‍റെ കൈപിടിച്ചു എഴുതിച്ചത് അച്ഛനാണെങ്കില്‍, അമ്മ എന്ന വാക്കു പറഞ്ഞു തന്നത് അമ്മയാണെങ്കില്‍, അമ്മ എന്ന് എന്നെ എഴുതാന്‍ പഠിപ്പിച്ച്ത് കുമാരിട്ടീച്ചറാണ്. സ്ലേറ്റും പെന്‍സിലുമായിരുന്നു അന്നത്തെ ഒന്നാം ക്ലാസ്സുകാരുടെ എഴുത്തുപകരണങ്ങള്‍. അക്ഷരങ്ങള്‍ എഴുതിയിരുന്നു എന്ന് പറയുന്നതിനേക്കാള്‍ വരച്ചിരുന്നു എന്ന് പറയുന്നതായിരിക്കും ഉചിതം.

അക്ഷരങ്ങളോടൊപ്പം ചില ക്രയവിക്രയ ശീലങ്ങളും ഞാന്‍ പഠിച്ചുതുടങ്ങിയിരുന്നു.
ഞങ്ങളുടെ പറമ്പിന് അതിരിട്ട് പുഴയിലേക്കുള്ള വഴിയോടു ചേര്‍ന്ന് ഒരു മുള്‍വേലി ഉണ്ടായിരുന്നു. വേലിയില്‍ അവിടവിടെയായി കള്ളിച്ചെടികള്‍ അഥവാ ചതുരക്കള്ളികളും ഉണ്ടായിരുന്നു. അവയെ മുറിച്ചെടുത്ത്, മുള്ള് നീക്കി, "നേന്ത്രക്കായ് നാലുകീറി പുനരതു ചതുരാകാര ഖണ്ഡം നുറുക്കി" എന്ന മട്ടില്‍ , മുതിരന്ന ക്ലാസ്സുകളിലെ ചേട്ടന്മാര്‍ കഷണങ്ങളാക്കിയെടുക്കും.
സ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാതാകുമ്പോള്‍, ചേട്ടന്മാരുടെ കയ്യിലെ ജലാംശം നിറഞ്ഞ ചതുരക്കള്ളിക്കഷണങ്ങള്‍ക്കു താര പരിവേഷം കൈവരും. ഒരു പെന്‍സിലോ പെന്‍സിലിന്‍റെ പകുതിയോ കൊടുത്താല്‍ ചേട്ടന്മാര്‍ ഒരു കഷണം തരും. പലതവണ ഉപയോഗിച്ചു ജലാംശം നഷ്ടപ്പെട്ട് ദൈന്യഭാവത്തിലായ കള്ളിക്കഷണങ്ങള്‍ ക്ലാസ്സിലും പരിസരത്തും ചിതറിക്കിടക്കുന്നതു പതിവ് കാഴ്ചയായിരുന്നു. അവയ്ക്ക് ഒരു പ്രത്യേക ഗന്ധവുമുണ്ടായിരുന്നു.

സ്ലേറ്റില്‍ മാത്രമല്ല , ജീവിതത്തിലും നിരവധി തെറ്റുകളും വീഴ്ചകളും സംഭവിക്കാമെന്നും അവയെല്ലാം തിരുത്തി മുന്നോട്ടു പോകാമെന്നുമുള്ള പാഠം പഠിപ്പിക്കുകകൂടിയായിരുന്നു, വാസ്തവത്തില്‍ ആ ചതുരക്കള്ളിക്കഷണങ്ങള്‍.

ആദ്യത്തെ രണ്ടു പിരീഡ് കഴിഞ്ഞാല്‍ പ്രാഥമികകാര്യങ്ങള്‍ക്കായുള്ള ഒരു ചെറിയ ഇടവേള. സ്ലേറ്റുമായുള്ള സംവാദത്തില്‍ നഷ്ടപ്പെട്ട പെന്‍സിലിന്‍റെ മുന വീണ്ടെടുക്കുക എന്നൊരു കൊച്ചു ജോലികൂടി ആ ഇടവേളയില്‍ ചെയ്യുവാനുണ്ടായിരുന്നു. ഇറയത്ത്‌ വരിവരിയായിരുന്ന്‍, നിലത്തുരച്ച് പെന്‍സിലിന്‍റെ മുന കൂര്‍പ്പിച്ചെടുക്കുന്നത് ഒരു മത്സരവും ഒപ്പം ആഹ്ലാദകരവുമായിരുന്നു. അതിനിടയില്‍, ഓടിക്കളിക്കുന്ന ചിലര്‍, അറിയാതെ കയ്യില്‍ ചവിട്ടുകയും പെന്‍സില്‍ ഒടിയുകയും ചെയ്യുമ്പോള്‍ സങ്കടപ്പെട്ട് കരഞ്ഞിരുന്നതുമൊക്കെ വളരെ വ്യക്തമായിത്തന്നെ ഇന്നും ഓര്‍മയില്‍ തെളിയുന്നു.

ഞങ്ങളുടെ ക്ലാസിന്‍റെ പുറകില്‍ ചുമരിനോടു ചേര്‍ത്തുകെട്ടിയ ഓല മേഞ്ഞ ഒരു ചെറിയ പുര ഉണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള സൌജന്യ ഉച്ചഭക്ഷണം തയാറാക്കിയിരുന്നത് അവിടെയായിരുന്നു. ഏതാണ്ടൊരു പന്ത്രണ്ടു മണിയാകുമ്പോള്‍, അവിടെ നിന്നും ഉയരുന്ന ഗന്ധം ക്ലാസിലേക്ക് ഒഴുകി പടരാന്‍ തുടങ്ങും. ഒപ്പം വിശപ്പ് വയറ്റിലേക്കും. തുടര്‍ന്നു ഒരുമണിക്കുള്ള മണിയടിക്കുവേണ്ടിയുള്ള കാത്തിരുപ്പാണ്. 

ആ ശീലം ഇന്നും തുടരുന്നു. ഇന്നും ഉച്ചഭക്ഷണത്തിനു തൊട്ടുമുന്‍പുള്ള മീറ്റിങ്ങുകളിലും ചര്‍ച്ചകളിലും എന്‍റെ പ്രത്യക്ഷസാനിദ്ധ്യമുണ്ടാകുമെങ്കിലും, മനസ്സ് ഭക്ഷണപ്പാത്രവും തേടി അലയുകയായിരിക്കും.













Saturday, May 3, 2014

എങ്ങിനെ മലയാളത്തില്‍ ടൈപ്പുചെയ്യാം?

കമ്പ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിച്ചു മലയാളത്തില്‍ ടൈപ്പുചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

പഠിതാക്കള്‍ക്കുണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകള്‍.

1. മലയാളം അക്ഷരങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുവാനുള്ള കഴിവ്
2. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത്തിനുള്ള പ്രാഥമിക തലത്തിലുള്ള പരിജ്ഞാനം.

ഇതു പഠിക്കുവാന്‍ വളരെ എളുപ്പമാണ്‌. പണ്ടു നമ്മുടെ വിജയനേയും ദാസനെയും ഗഫൂര്‍ കാ ദോസ്ത് അറബി പഠിപ്പിച്ചതിനേക്കാള്‍ എളുപ്പ മല്ലെങ്കിലും. 

Internet Explorer, Firefox, Google Chrome ഇവയിലേതെങ്കിലും ലോഡ് ചെയ്യുക. 
സെര്‍ച്ച്‌ ബോക്സില്‍ Malayalam Transliteration എന്ന് ടൈപ്പു ചെയ്യുക.
ഇനി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വീഡിയോ കാണുക.


മലയാളം നിങ്ങളുടെ വിരല്‍ത്തുമ്പിലായിക്കഴിഞ്ഞു.



അച്ഛന്‍റെ ശതാഭിഷേകം

അച്ഛന്‍റെ ശതാഭിഷേകം 2013 ജുലായ് 7നു  പൂലാനിയില്‍ ഞങ്ങളുടെ വസതിയില്‍ വച്ച് ആഘോഷിച്ചു. അച്ഛനു സമര്‍പ്പിച്ച മംഗളപത്രം ചുവടെ.



ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ചുവടെ

മംഗളപത്ര സമര്‍പ്പണം - 2
ആശംസകള്‍
കുടുംബാംഗങ്ങളോടൊത്ത്