Saturday, April 19, 2014

ലക്കം - 2 - പുഴയൊരു പുഴയായിരുന്നു

മാര്‍ച്ച് 23, 2014

എന്തുകൊണ്ടോ, ഞങ്ങളുടെ അടുത്തെത്തുമ്പോള്‍ പുഴയ്ക്ക് മറുകരയോടു ചേര്‍ന്നൊഴുകുന്നതിനാണ് താല്പര്യം. ഒരു തരത്തില്‍ ഞങ്ങള്‍ക്കതൊരു അനുഗ്രഹവുമായിരുന്നു. വിശാലമായൊരു മണല്‍പ്പുറം ഞങ്ങള്‍ക്കു  കിട്ടി. നീരൊഴുക്കും മണല്‍പ്പുറവും ചേര്‍ന്നു നില്ക്കുമ്പോഴേ പുഴ പുഴയാകൂ. 

ഉള്ളൂര്‍ പാടിയതുപോലെ 

"പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പു സാര്‍ത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്‍കൂ"

കോവിലകം കടവ് എന്നാണ് ഞങ്ങളുടെ കടവിന്‍റെ പേര്.
ഇടവഴിയിലൂടെ നടന്നു കടവിലെത്തിയാല്‍ കല്‍പടവുകള്‍ ഇറങ്ങി വേണം മണല്‍പ്പുറത്തെത്താന്‍. മണല്‍പ്പുറത്തു നിന്ന് , വടക്കോട്ട്, പുഴ ഒഴുകി വരുന്ന ദിശയിലേക്ക് നോക്കിയാല്‍ കുറച്ചു മുകളിലായി കാനാഞ്ചേരി കടവ്, അതിനുമുകളിലായി ചെട്ടിതോപ്പു കടവ്, കൊമ്പമ്പാറ കടവ്. മുകളിലേക്ക് കുറച്ചു നാഴിക കൂടി പോയാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം. ചെട്ടിതോപ്പ് കടവ് മുതല്‍ക്കാണു പുഴ നമുക്കു ദര്‍ശനം നല്കു്ക. 

കാനാഞ്ചേരി കടവില്‍ ഇരു കരകളെയും ബന്ധിപ്പിച്ച് ചിതറിക്കിടക്കുന്ന നിരവധി പാറക്കുട്ടങ്ങള്‍ കാണാം. ആ പാറക്കുട്ടങ്ങള്‍ക്കിടയിലുടെ തുള്ളിക്കളിച്ചു വരുന്ന പുഴയെ ഒന്നു കാണേണ്ടതുതന്നെ. 

മലയാളത്തിന്‍റെ പ്രിയ കവി ശ്രീ ഒ. എന്‍. വി. കുറുപ്പ് ഇവിടെയിരുന്നാണോ "കുഞ്ഞേടത്തി" എഴുതിയതെന്നു പോലും സംശയിച്ചുപോകും, പുഴ ഒഴുകി വരുന്നതു കണ്ടാല്‍.

"ഒരുനാളങ്ങനെ പുഴ കണ്ടു, 
കുഞ്ഞു തിരകളതിന്‍ മാറിലാടുന്നു, 
പാല്‍ നുരകളതിന്‍ മാറിലുതിരുന്നു
തിരുതകൃതിയിലെങ്ങോ പായുന്നു.


കുടിവച്ച മലയുടെ താഴ്വാരത്തീന്നടിവച്ചടിവെച്ചു വരികയത്രേ
മക്കള്‍ വാഴുന്നിടം കാണാനാക്കൊച്ചു മക്കളെ കാണാന്‍ വരികയത്രേ"

എന്നെ ഏറെ ഭ്രമിപ്പിച്ചിട്ടുള്ള കവിതയാണത്. 

അടിവച്ചടിവെച്ചു വരുന്ന പുഴ , നമ്മളെയും കടന്നു അടുത്ത വളവില്‍ അപ്രത്യക്ഷമാകും.

വ്യതസ്ത താല്‍പര്യങ്ങളുള്ള നിരവധി സന്ദര്‍ശകര്‍ ദിവസേന ഈ മണപ്പുറം താണ്ടിയിരുന്നു. അക്കരയ്ക്കും ഇക്കരക്കും പോയി വന്നിരുന്ന കര്‍ഷക തൊഴിലാളികള്‍, യാത്രക്കാര്‍, പള്ളിയില്‍ പോയിരുന്നവര്‍, കുളിക്കാന്‍ വരുന്നവര്‍, കുളി കാണാന്‍ വരുന്നവര്‍, കന്നുകാലികളെ കുളിപ്പിക്കാന്‍ വരുന്നവര്‍, കളിയ്ക്കാന്‍ വരുന്നവര്‍ അങ്ങിനെ പലവിധം. സമീപ വാസികളുടെ കെട്ടിട നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും മറ്റും വേണ്ട മണല്‍ തലച്ചുമടായി എത്തിച്ചു കൊടുത്തിരുന്ന ചുമട്ടുകാരും അവിടത്തെ നിത്യ കാഴ്ച യായിരുന്നു, ജീവിതഭാരം അക്ഷരാര്‍ത്ഥത്തില്‍ തലയിലേറ്റി രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ അവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. 


കുളിക്കടവുകള്‍ അവിടവിടെയായി ധാരാളം ഉണ്ടായിരുന്നു. . അവ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം സംവരണം ചെയ്യപ്പെട്ടിരുന്നു. അതിനു പ്രധാന കാരണം പ്രത്യേക രൂപത്തിലും സൌകര്യത്തിലുമുള്ള അലക്കുകല്ലുകള്‍ സ്ത്രീകളുടെ അവകാശമായി അവര്‍ കരുതിയിരുന്നതുകൊണ്ടായിരിക്കും. തലേദിവസം രാത്രി കുളിക്കാന്‍ വരുന്ന പുരുഷന്മാര്‍ അത്തരം കല്ലുകള്‍ പുരുഷന്മാരുടെ കടവിലേക്ക് മാറ്റിയിടുന്നതും, പിറ്റേ ദിവസം രാവിലെ, നഷ്ടപ്പെട്ട കല്ല്‌ പുഷന്മാരുടെ കടവില്‍ കാണുമ്പോള്‍ സ്ത്രീകള്‍ കോപാകുലരാവുന്നതുമൊക്കെ രസമുള്ള കാഴ്ച്ചകള്‍ ആയിരുന്നു. 


ലൈഫ്ബോയ്, ചന്ദ്രിക, 501 സോപ്പുകള്‍ കുളിക്കടവുകള്‍ അടക്കിവാണിരുന്ന കാലമായിരുന്നു അന്നൊക്കെ. മറുനാടുകളില്‍ ജോലി ചെയ്യുന്നവര്‍ വിശേഷാവസരങ്ങളില്‍ നാട്ടില്‍ വരുമ്പോള്‍ അവരുടെ മോടിയും ധാടിയും കുളിക്കടവില്‍ കാണിച്ചിരുന്നത് പിയേഴ്സ്, ലക്സ് സോപ്പുകളിലുടെ യാണ്. കല്ലും സോപ്പും ഒറ്റക്കും കൂട്ടായും വസ്ത്രങ്ങളും ശരീരങ്ങളും വൃത്തിയാക്കിയപ്പോള്‍ , പ്രത്യക്ഷമായ നഷ്ടം സ്വാഭാവികമായും സോപ്പിനായിരുന്നു. അവസാനം അവ അലിഞ്ഞു മെലിഞ്ഞു കൈപ്പിടിയില്‍ ഒതുങ്ങാതെ തെന്നിമാറാന്‍ തുടങ്ങുബോള്‍ കല്ലുകളുടെ നെറ്റിയില്‍ ചാര്‍ത്തപ്പെടുമായിരുന്നു.. അങ്ങിനെ പച്ച,മഞ്ഞ,ചുവപ്പ് നിറത്തിലുള്ള പൊട്ടുകള്‍ തൊട്ട സുന്ദരിക്കല്ലുകള്‍ കുളിക്കടവുകളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു.

ഫുട്ബാള്‍, കുഴിപ്പന്ത്, കുട്ടിയും കോലും തുടങ്ങി പല കളികള്‍ക്കും  മണപ്പുറം വേദിയാകുമായിരുന്നു. എഴുപതുകളുടെ മദ്ധ്യത്തില്‍ ക്രിക്കറ്റ് ചാലക്കുടിയില്‍ ന്നിന്നും ബസ്സ് കയറി പൂലാനിയിലിറങ്ങി നടന്നെത്തിയത്‌ ഈ മണപ്പുറത്തേക്കായിരുന്നു. വല്യപ്പുമ്മാന്‍, മഠത്തിലെ രാച്ചേട്ടന്‍, ഗിരിജന്‍, പീതന്‍, കാരെക്കാടന്‍ ജീവന്‍ പിന്നെ ഞാന്‍ തുടങ്ങിയവരായിരുന്നു കളിക്കാര്‍. സൈക്കിള്‍ ടയര്‍ വിക്കറ്റായും തെങ്ങിന്‍ പട്ട ബാറ്റായും ക്രീസിലെത്തിയപ്പോള്‍ പൂലാനിയില്‍ ക്രിക്കറ്റിന് വേരോടിതുടങ്ങുകയായിരുന്നു. അന്ന് സച്ചിന്‍ ടെണ്ടുല്‍കര്‍ നിലത്തു കമിഴ്ന്നു കിടന്നു റണ്ണൌട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശീലനത്തിലായിരുന്നിരിക്കണം. 

പുഴ നലികിട്ടുള്ള പല മധുരാനുഭവങ്ങളില്‍ ഒന്നിവിടെ പങ്കുവെക്കട്ടെ. എന്‍റെ വിവാഹ ദിനത്തിലായിരുന്നു അത്. 1999 ആഗസ്ററ് 29. ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ചാലക്കുടിപ്പാലത്തിന്‍റെ ബലക്ഷയത്തെ തുടര്‍ന്നു ‍ ഗതാഗതം നിയന്ത്രിക്കപ്പെട്ടിരുന്ന കാലം. അതുകൊണ്ടുണ്ടായിരുന്ന ഗതാഗതക്കുരുക്കുകള്‍ യാത്രക്കാരെ വല്ലാതെ വലച്ചിരുന്നു. കല്യാണം കഴിഞ്ഞു, സദ്യയൊക്കെ കേമമായിത്തന്നെ ഉണ്ടു. പത്നീസമേതനായുള്ള ഗൃഹപ്രവേശത്തിന്‍റെ മുഹുര്‍ത്തം നോക്കിയപ്പോഴാണ് ഗതാഗതക്കുരുക്ക് ശരിക്കും ഒരു കുരുക്കായത്. കുടുതലൊന്നും ആലോചിച്ചില്ല. കാര്‍ പരിയാരം വഴി തിരിച്ചു വിട്ടു. ഞങ്ങളുടെ എതിര്‍വശത്തു പുഴയ്ക്കക്കരെ കാര്‍ നിറുത്തി. ഭാഗ്യത്തിന് അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. ഗീതയുടെ കൈ പിടിച്ച് വഞ്ചിയില്‍ കയറ്റി. ഗീത ആദ്യമായാണ് വഞ്ചിയില്‍ കയറുന്നത്, അതും പറ്റിയ ദിവസം തന്നെ. നില്‍ക്കാനും ഇരിക്കാനും പറ്റാതെ ഗീത. ഞാന്‍ പഴയൊരു സിനിമാപ്പാട്ട് ഒന്ന് ഭേദപ്പെടുത്തി പതുക്കെ പാടി.

"വൈക്കത്ത് നാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടി കൊണ്ടുപോരണ കല്യാണവള്ളം........"

ഇക്കരെ കടവില്‍ ഇറങ്ങിയപ്പോള്‍, അവിടെ പശുവിനെകുളിപ്പിച്ചു നിന്നിരുന്ന മുകുന്ദന്‍ നായര്‍ പറഞ്ഞു " പണ്ടു കാവുമ്മാനും കല്യാണം കഴിഞ്ഞു അമ്മായിയേയുംകൊണ്ടു വന്നത് വഞ്ചിയിലാണെന്ന്". അറിയാതെയാണെങ്കിലും പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ സാധിച്ച ആഹ്ലാദമായിരുന്നു എന്‍റെ ഉള്ളിലെങ്കില്‍, "ഒരു കാര്‍ പോലും കടന്നുചെല്ലാത്ത ഈ കുഗ്രാമത്തിലെ വീട്ടിലേക്കാണോ ഈശ്വരാ ഞാന്‍ കയറിചെല്ലുന്നത്" എന്നായിരിക്കുമോ ഗീത ഉള്ളില്‍ വിചാരിച്ചത്?

2 comments:

  1. good, i was there on that ' muthumani ppalunku vellam' kalyanam.

    ReplyDelete
  2. സന്തോഷം. ഓര്‍മ്മയുണ്ട് മനോജ്‌, അന്ന് കണ്ടത്.

    ReplyDelete